ഈജിപ്ഷ്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് ശൗഖി അല്ലാം കേരളത്തിലെത്തി : ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുമായുള്ള കൂടികാഴ്ച്ച ഇന്ന്

google news
dddd

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുമായുള്ള കൂടിക്കാഴ്ച്ചക്കും മർകസ്, ജാമിഉൽ ഫുതൂഹ് സന്ദർശനങ്ങൾക്കുമായി ഈജിപ്ഷ്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് ശൗഖി അല്ലാം കേരളത്തിലെത്തി. കഴിഞ്ഞദിവസം രാത്രി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ അതിഥിയായി ആറു ദിവസത്തെ സന്ദർശത്തിനായി ഇന്ത്യയിലെത്തിയ ശൗഖി അല്ലാം ഇന്ന് ജാമിഉൽ ഫുതൂഹിൽ ജുമുഅക്ക് നേതൃത്വം നൽകും. തുടർന്ന് വിശ്വാസികളെ സംബോധന ചെയ്ത് സംസാരിക്കും. നോളജ് സിറ്റിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാരംഭത്തിന് തുടക്കമിടുകയും വിവിധ സംരംഭങ്ങൾ സന്ദർശിക്കുകയും ചെയ്യും. വൈകുന്നേരം കാരന്തൂർ മർകസിൽ നടക്കുന്ന സ്വീകരണ സംഗമത്തിൽ വിദ്യാർത്ഥികളുമായും അധ്യാപകരുമായും സംവദിക്കും. ശേഷം ജാമിഅ മർകസ് കുല്ലിയ്യകൾ സന്ദർശിക്കുകയും വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുമായുള്ള കൂടിക്കാഴ്ചയിൽ സൗഹൃദം പങ്കുവെക്കുകയും തീവ്രവാദത്തിനും സംഘർഷങ്ങൾക്കും എതിരായി മുസ്‌ലിം സമൂഹം സ്വീകരിക്കേണ്ട നയനിലപാടുകൾ ചർച്ചചെയ്യുകയുമുണ്ടാകും.  മത തീവ്രവാദത്തിനെതിരെ ഗ്രാൻഡ് മുഫ്തി നേത്വത്വം നൽകുന്ന ഈജിപ്ഷ്യൻ ഫത്‌വാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം ജൂണിൽ കൈറോയിൽ നടന്ന ആഗോള പണ്ഡിത സെമിനാറിലെ ക്ഷണിതാവും വിഷയാവതാരകനുമായിരുന്നു കാന്തപുരം. മുൻ ഈജിപ്ഷ്യൻ ഗ്രാൻഡ് മുഫ്തി ഡോ. അലി ജുമുഅയുമായും കാന്തപുരം ഊഷ്മള ബന്ധം പുലർത്തുന്നു. ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ വിനിമയ ബന്ധങ്ങൾ ത്വരിതപ്പെടാനും തീവ്രവാദ സംഘങ്ങൾക്കെതിരെ പണ്ഡിത നേതൃത്വങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം ശക്തിപ്പെടാനും ഇരു ഗ്രാൻഡ് മുഫ്തിമാരുടെ കൂടിക്കാഴ്ച ഫലം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Tags