കുട്ടികളുടെ പഠനം മുടക്കരുത് ; മദ്യ നിർമ്മാണശാലകൾ തുടങ്ങാനുള്ള ഓട്ടത്തിനിടയിൽ പാവപ്പെട്ട വിദ്യാർഥികളുടെ കാര്യം കൂടി സർക്കാർ ശ്രദ്ധിക്കണമെന്ന് വി ഡി സതീശൻ


തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറയ്ക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിൽ 2.62 കോടിയാണ് വെട്ടിക്കുറച്ചത്. വിദേശ സ്കോളർഷിപ്പികളിൽ 85 ലക്ഷവും എ.പി.ജെ അബ്ദുൾ കലാം സ്കോളർഷിപ്പ് 41 ലക്ഷവും വെട്ടി.
സംസ്ഥാനത്ത് ഒരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലെന്ന് ധനമന്ത്രി ആവർത്തിക്കുമ്പോഴാണ് പാവപ്പെട്ട വിദ്യാർഥികളുടെ സ്കോളർഷിപ്പിലും സർക്കാർ കൈവച്ചത്. സർക്കാർ ആരുടെ കൂടെയാണ്? സർക്കാരിൻ്റെ മുൻഗണന ആർക്കാണ് എന്ന ചോദ്യം പ്രസക്തമാകുന്നു. ജനദ്രോഹ നടപടികളുടെ തുടർച്ചയാണ് സ്കോളർഷിപ്പിൻ്റെ വെട്ടിക്കുറവിലും കാണാൻ സാധിക്കുന്നത്.
സാമ്പത്തിക വർഷം തീരാൻ രണ്ട് മാസം മാത്രം ശേഷിക്കെ ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ പദ്ധതി ചെലവ് വെറും മൂന്ന് ശതമാനത്തിൽ താഴെയാണ്. മദ്യ നിർമ്മാണ ശാലകൾ തുടങ്ങാനുള്ള ഓട്ടത്തിനിടയിൽ സർക്കാർ പാവപ്പെട്ട വിദ്യാർത്ഥികളുടെ കാര്യം കൂടി ശ്രദ്ധിക്കണം.
വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണം. എത്രയും വേഗം സ്കോളർഷിപ്പ് തുക പൂർണമായും വിതരണം ചെയ്യണം. സർക്കാർ നിഷേധാത്മക നിലപാട് തുടർന്നാൽ നിയമസഭയിലും പുറത്തും പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
