ജോലി സാധ്യത കൂടുതലുള്ള കോഴ്‌സുകള്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ മേഖല പരിഷ്‌കരിക്കും : മുഖ്യമന്ത്രി

The education sector will be reformed by including courses with high job prospects: Chief Minister.

 യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ പരിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈജ്ഞാനിക വിപ്ലവത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്. ലോകത്ത് അതിവേഗം മാറുന്ന കാര്യങ്ങള്‍ അറിയുക  പ്രധാനമാണ്.  ഉന്നത വിദ്യാഭ്യാസരംഗം വലിയ വെല്ലുവിളി നേരിടുന്നു.  നമ്മുടെ വിദ്യാര്‍ഥികള്‍ കൂടുതലും  ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളില്‍ പോകുന്നു. ഇവര്‍ക്ക് കാലാനുസൃതമായ, മികച്ച തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ ഇവിടെ ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ലോകത്തിലെ പ്രധാന സര്‍വ്വകലാശാലകള്‍  കേരളത്തില്‍ എത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ അക്കാദമിക് പ്രോഗ്രാമുകള്‍ ആരംഭിക്കും. ലോകത്ത് തൊഴിലിന്റെ സ്വഭാവം മാറുന്നത് മനസ്സിലാക്കി സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്ന ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ പരിപാടിക്ക് സര്‍ക്കാര്‍ രൂപം കൊടുത്തതായും മുഖ്യമന്ത്രി പറഞ്ഞു. 

The education sector will be reformed by including courses with high job prospects: Chief Minister.

മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിന് നിയമപരമായ ഉറപ്പു നല്‍കുന്ന പദ്ധതി ലോകത്താദ്യമായി സംസ്ഥാനത്ത് നടപ്പാക്കും. 60 വയസ്സില്‍ വിരമിക്കുന്നവരുടെ അറിവും അനുഭവസമ്പത്തും നഷ്ടപ്പെടാതെ, ചെറുപ്പക്കാര്‍ തുടങ്ങുന്ന പുതിയ സംരംഭങ്ങളിലും യുവതലമുറയുടെ അറിവുകളിലും ഇവരെക്കൂടി ഉള്‍പ്പെടുത്തി പ്രയോജനപ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാതോലിക്കേറ്റ് കോളേജ് 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച സ്ഥാപകര്‍ക്കും അധ്യാപകര്‍ക്കും മുന്‍ അധ്യാപകര്‍ക്കും മുഖ്യമന്ത്രി ആദരവ് അര്‍പ്പിച്ചു. 

വിദ്യാഭ്യാസ മേഖലയില്‍ ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ കേരളത്തിനും സ്വായത്തമാക്കാന്‍ കഴിയണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. പുതിയ കോഴ്‌സുകള്‍, പാഠ്യപദ്ധതിയില്‍  കാലാനുസൃതമായ നവീകരണം,  സര്‍വകലാശാല സംവിധാനത്തില്‍ മാറ്റങ്ങള്‍ തുടങ്ങിയ നടപ്പാക്കും. കാതോലിക്കേറ്റ് കോളജില്‍ അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ രണ്ട് കോഴ്‌സുകള്‍ പുതിയതായി ആരംഭിക്കുന്നതിന് അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു. 

മലങ്കര മെത്രാപൊലീത്ത ബസീലിയോസ് മാര്‍ത്തോമ്മ മാത്യൂസ് അധ്യക്ഷനായി. ആന്റോ ആന്റണി എംപി, എംഎല്‍എ മാരായ അബിന്‍ വര്‍ക്കി, സി വി ശാന്തകുമാര്‍, കോളജ് റെസിഡന്റ് മാനേജര്‍ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രോപൊലീത്ത, കുരിയാക്കോസ് മാര്‍ ക്ലെമീസ് മെത്രാപൊലീത്ത, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍, കോളജ് പ്രിന്‍സിപ്പല്‍ പ്രൊ. റെനി പി വര്‍ഗീസ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags