കാലാനുസൃതമായി വിദ്യാഭ്യാസമേഖലയിലും മാറ്റങ്ങള്‍ ഉണ്ടാവണം : അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

google news
dddd

പത്തനംതിട്ട : കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ വിദ്യാഭാസ മേഖലയിലും ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. സംസ്ഥാന സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന വേദിയാണ് ഈ മേള. ആനുകാലികമായ വിഷയങ്ങളെ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്ന  രീതിയിലാണ് സെമിനാറുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.  പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും, വിദ്യാഭ്യാസ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങള്‍ കേരളീയ സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് സെമിനാറില്‍ വിശദമാക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.  

സംസ്ഥാനത്തെ മികച്ച ഭിന്നശേഷി അധ്യാപികയ്ക്കുള്ള സമഗ്ര ശിക്ഷാ കേരളയുടെ പുരസ്‌കാരം സ്വന്തമാക്കിയ പ്രിയ പി നായര്‍, സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികളുടെ സംസ്ഥാന അത്ലറ്റിക് മീറ്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ എ. ശിവശങ്കരന്‍, നൂതന വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ നടപ്പാക്കി മാതൃകയായ സിഎംഎസ്എച്ച്എസ്  മുണ്ടിയപ്പള്ളി, സിഎംഎസ് എല്‍പിഎസ് എണ്ണൂറാംവയല്‍ സ്‌കൂള്‍ പ്രതിനിധികള്‍, അധ്യാപകനും നാടകപ്രതിഭയുമായ മനോജ് സുനി തുടങ്ങി  വിദ്യാഭ്യാസ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് എംഎല്‍എ  പുരസ്‌കാരങ്ങള്‍നല്‍കി ആദരിച്ചു.
സ്‌കൂള്‍ ഉന്നതവിദ്യാഭ്യാസ മേഖലകളിലെ പരിഷ്‌കരണങ്ങളും ഭാവി കേരളവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ എസ്സിഇആര്‍ടി കേരളം ഡയറക്ടര്‍ ഡോ. ആര്‍. കെ. ജയപ്രകാശ് അവതരിപ്പിച്ചു. ജ്ഞാനസമൂഹസൃഷ്ടിക്ക് ആവശ്യമായ ഘടകങ്ങളെ കുറിച്ചും കേരളത്തിന്റെ പാഠ്യ പദ്ധതി പരിഷ്‌കരണത്തിനുള്ള ആശയങ്ങളെ കുറിച്ചും അനിവാര്യമായ മാറ്റങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

Tags