കേരള മോഡലിന്റെ മൂലക്കല്ലാണ് വിദ്യാഭ്യാസം: മന്ത്രി ഡോ.ആര്‍.ബിന്ദു

കാസർഗോഡ് : കേരള മോഡലിന്റെ മൂലക്കല്ലാണ് വിദ്യാഭ്യാസമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു. ബല്ല ഈസ്റ്റ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആറ് ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പൊതുവിദ്യാലയങ്ങളിലേക്ക് ഒഴുകിയെത്തിയത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന രാജ്യത്തെ ഏക സംസ്ഥാന കേരളമാണ്. ഗുണമേന്മ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. കുട്ടികളിലെ സാമൂഹ്യ പ്രതിബദ്ധത നാടിന് ഉപകാരപ്പെടണം. അധ്യാപകര്‍ നോക്കുകൊണ്ടോ വാക്കു കൊണ്ടോ വിദ്യാര്‍ത്ഥികളുടെ മനസ്സ് നൊമ്പരപ്പെടുത്തരുതെന്നും മന്ത്രി ഉപദേശിച്ചു. വിദ്യാര്‍ത്ഥികള്‍ നവകേരളത്തിന്റെ പതാക വാഹകരാകണമെന്നും മന്ത്രി പറഞ്ഞു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി.അപ്പുക്കുട്ടന്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ സി.വി.അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.