പിണറായി വിജയനെതിരായ ഇഡി നീക്കം; രൂക്ഷവിമര്ശനവുമായി എം എ ബേബി
പ്രതിപക്ഷ പാര്ട്ടി നേതാക്കളെ വേട്ടയാടാന് കേന്ദ്ര ഏജന്സികളെ ഉപയോഗിക്കുന്നുവെന്നും ഇ ഡി എന്നാല് ബിജെപി സര്ക്കാരിന്റെ ഒരു വിപുലീകൃത വിഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാസപ്പടി കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയില് വിമര്ശനവുമായി സി പി എം ജനറല് സെക്രട്ടറി എം എ ബേബി. പഴയ വീഞ്ഞ് പുതിയ കുപ്പിയില് എന്ന പോലെയാണ് ഇഡി നടപടി എന്നാണ് എം എ ബേബിയുടെ വിമര്ശനം. ഒരുപാട് കെട്ടിച്ചമച്ച ആരോപണങ്ങളെ അഭിമുഖീകരിച്ച നേതാവാണ് പിണറായി. ഇത് നേരിടാനും മറികടക്കാനും അദ്ദേഹത്തിനും സിപിഎമ്മിനും കഴിയും. നിയമപരമായും രാഷ്ട്രീയപരമായും ഇഡി നടപടിയെ അഭിമുഖീകരിക്കുമെന്നും എം എ ബേബി പ്രതികരിച്ചു. പ്രതിപക്ഷ പാര്ട്ടി നേതാക്കളെ വേട്ടയാടാന് കേന്ദ്ര ഏജന്സികളെ ഉപയോഗിക്കുന്നുവെന്നും ഇ ഡി എന്നാല് ബിജെപി സര്ക്കാരിന്റെ ഒരു വിപുലീകൃത വിഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ വീട്ടിലെത്തി സമന്സ് ചുമരില് പതിപ്പിച്ച ഇ ഡി നടപടിക്കെതിരെ രൂക്ഷ വിമര്ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് വിമര്ശനം. ഇ ഡി പിണറായിയോട് പെരുമാറുന്നത് പിടികിട്ടാപ്പുള്ളിയെ പോലെയാണെന്നും ബി ജെ പിയുടെ താളത്തിന് അനുസരിച്ച് തുള്ളുകയാണ് ഇ ഡി ചെയ്യുന്നതെന്നും ഗോവിന്ദന് വിമര്ശിച്ചു.
.jpg)


