എടനീർ മഠം മതേതരത്വത്തിന്റെ മഹനീയ മാതൃക: മുഖ്യമന്ത്രി വി.ഡി. സതീശൻ

Edaneer Math is a great example of secularism: Chief Minister V.D. Satheesan

കാസർകോട്: മുഖ്യമന്ത്രി വി.ഡി. സതീശൻ എടനീർ മഠം സന്ദർശിച്ചു. മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി മുഖ്യമന്ത്രിയെ സ്വീകരിച്ചു. മതേതരത്വത്തിന്റെ മഹനീയ മാതൃകയാണ് എടനീർ മഠമെന്നും നന്മയും സാഹോദര്യവും കരുണയും നിറഞ്ഞ കേന്ദ്രമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമ വിദ്യാർത്ഥിയായിരുന്ന കാലത്താണ് എടനീർ മഠത്തെക്കുറിച്ച് ആദ്യമായി കേട്ടതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. മുൻ മഠാധിപതി കേശവാനന്ദ ഭാരതി സ്വാമി കേസിലെ സുപ്രീം കോടതി വിധി ഇന്ത്യൻ നിയമ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഏടാണ്. എംഎൽഎ ആയും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഉൾപ്പെടെ ഇതിനുമുൻപ് രണ്ട് തവണ എടനീർ മഠം സന്ദർശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദർശനവേളയിൽ അശോകസ്തംഭം പതിച്ച മഠത്തിന്റെ ഉപഹാരം സ്വാമി സച്ചിദാനന്ദ ഭാരതി മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. മഠം പ്രതിനിധികൾ മുഖ്യമന്ത്രിയെ പുഷ്പഹാരം അണിയിച്ച് ആദരിച്ചു. മഠത്തിലെ ക്ഷേത്രത്തിലും ദർശനം നടത്തിയ മുഖ്യമന്ത്രിക്ക് മഠാധിപതി പ്രസാദം നൽകി. സ്വാമി സച്ചിദാനന്ദ ഭാരതിയുമായി ആശയവിനിമയം നടത്തിയ മുഖ്യമന്ത്രി ഇനിയും മഠത്തിലേക്ക് വരുമെന്ന് അറിയിച്ചാണ് മടങ്ങിയത്. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ കല്ലട്ര മാഹിൻ ഹാജി, എ.കെ.എം. അഷ്റഫ്, കെ. നീലകണ്ഠൻ, മുൻ മന്ത്രി സി.ടി. അഹമ്മദലി, മറ്റ് ജനപ്രതിനിധികൾ എന്നിവർ മുഖ്യമന്ത്രിയെ അനുഗമിച്ചു. ഗഡിനാട് വികസന അതോറിറ്റി ചെയർമാൻ സോമണ്ണ ബേബിനമറുത്, സെക്രട്ടറി പ്രകാശ എന്നിവരും മഠത്തിലെത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചു.

Tags