ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ED

വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി.മൂന്നാം പ്രതി ജീവന്‍, പതിമൂന്നാം പ്രതി നന്ദു, ഇരുപത്തിമൂന്നാം പ്രതി ഷൈജു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി.

നടന്നത് രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ പൊതുസമൂഹത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരായ പ്രവൃത്തിയെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചു കാണിക്കുന്നതിന് ഇടയാക്കും. ഭാവിയില്‍ സമാന കുറ്റകൃത്യങ്ങള്‍ ചെയ്യാനും കാരണമാകും. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു.

എക്സാലോജിക് - സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി സംഘം പരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു വൻ സംഘർഷം അരങ്ങേറിയത്. ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ഇ ഡി വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.

Tags