കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇ.ഡി പ്രവർത്തിക്കുന്നത്, പിണറായിയെയും റിയാസിനെയും വേട്ടയാടുന്നു : എം.വി. ഗോവിന്ദൻ

mv govindhan

 കോഴിക്കോട് : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇ.ഡി പ്രവർത്തിക്കുന്നതെന്നും ബിജെപി സർക്കാർ അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ ഇ.ഡിക്കും മാധ്യമങ്ങൾക്കും വേണ്ടെന്നും മാധ്യമങ്ങളുടെ തണലിലല്ല സിപിഎം വളർന്നതെന്നും കോഴിക്കോട് മുതലക്കുളത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഗോവിന്ദൻ പറഞ്ഞു.

ഇ.ഡിക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ലക്ഷ്യം പ്രഖ്യാപിച്ചാണ് അന്വേഷണം നടത്തുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു. ബിജെപിക്കെതിരെ പറയുന്ന മാധ്യമപ്രവർത്തകരെ ഉൾപ്പെടെ ജയിലിലടച്ച് പുകമറ സൃഷ്ടിക്കുകയാണ് ഇ.ഡിയുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 113 ദിവസം ജയിലിലടച്ചതിനെ ചൂണ്ടിക്കാട്ടി, പിന്നീട് അദ്ദേഹത്തിനെതിരായ കേസ് എവിടെയാണെന്നും ഗോവിന്ദൻ ചോദിച്ചു. ബിജെപി നേതാക്കൾക്കെതിരെ ഇ.ഡി കേസുകൾ ഇല്ലെന്നും എടുത്ത കേസുകളിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണെന്നും അദ്ദേഹം ആരോപിച്ചു. പി.സി. ജോർജ് വെളിപ്പെടുത്തിയ 4.5 കോടി രൂപയുടെ ഇടപാട് കള്ളപ്പണമല്ലേയെന്നും കൊടകര കുഴൽപ്പണ കേസ് അന്വേഷിച്ചോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 12 വർഷത്തിനിടെ ഒമ്പത് ശതമാനം കേസുകളിൽ മാത്രമാണ് കുറ്റപത്രം നൽകിയതെന്നും അതിൽ അര ശതമാനം കേസിൽ മാത്രമാണ് ശിക്ഷ ലഭിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു. അസം മുഖ്യമന്ത്രിക്കെതിരായ ശാരദ ചിട്ടിഫണ്ട് കേസും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസും ചൂണ്ടിക്കാട്ടി, ബിജെപിയിലേക്ക് പോയതിന് പിന്നാലെ കേസുകൾ അപ്രത്യക്ഷമായെന്നും അദ്ദേഹം ആരോപിച്ചു.


ഇ.ഡി സത്യസന്ധമായ അന്വേഷണ ഏജൻസിയല്ലെന്നും ബിജെപിക്ക് കീഴടങ്ങിയാൽ കേസില്ലെന്നുമാണ് എം.വി. ഗോവിന്ദന്റെ ആരോപണം. എക്‌സാലോജിക് കേസ് വരുമ്പോൾ പിണറായി വിജയന്റെ മകൾ എന്ന നിലയിലാണ് വാർത്തകൾ വരുന്നതെന്നും കേസ് പിണറായി വിജയനിലേക്ക് എത്തിക്കാനും ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. തെളിവുണ്ടെങ്കിൽ അത് കോടതിയിൽ സമർപ്പിക്കണമെന്നും വാർത്താക്കുറിപ്പുകൾ ഇറക്കുകയല്ല വേണ്ടതെന്നും ഗോവിന്ദൻ വ്യക്തമാക്കി. വീണയുടെ ഭർത്താവ് എന്ന നിലയിൽ മന്ത്രി മുഹമ്മദ് റിയാസിനെയും വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ലാവ്‌ലിൻ കേസ് വർഷങ്ങളായി തുടരുകയാണെന്നും സിപിഎം നേതാക്കളെ ഭീഷണിപ്പെടുത്തി കീഴടക്കാമെന്ന ചിന്ത വിലപ്പോവില്ലെന്നും ഗോവിന്ദൻ പറഞ്ഞു. കരുവന്നൂർ ബാങ്കിലെ മുഴുവൻ രേഖകളും ഇ.ഡി കൊണ്ടുപോയെന്നും സിപിഎം നേതാക്കളെ പ്രതികളാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയിലേക്ക് ആളെ കൂട്ടാമെന്ന ലക്ഷ്യത്തോടെയാണ് ഇ.ഡി പ്രവർത്തിക്കുന്നതെന്നും കള്ളക്കേസുകൾ ഉണ്ടാക്കി സിപിഎം നേതാക്കളെ കുടുക്കാനാണ് ശ്രമമെങ്കിൽ കീഴടങ്ങാൻ പാർട്ടിക്ക് മനസ്സില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags