ഇ.ഡി. കത്തിലെ അന്വേഷണം ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഇന്ന് ഉത്തരവിറങ്ങും, 30 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട്
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർക്കെതിരെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കും. സർക്കാരിന്റെ നിർദ്ദേശം കത്തായി ഇന്ന് ഡി.ജി.പിക്ക് കൈമാറും. എസ്.ഐ.ടി. രൂപീകരിച്ച ശേഷം ഇ.ഡി. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ഹവാല ഇടപാടുകളിൽ കേന്ദ്രീകരിച്ചാകും അന്വേഷണം ആരംഭിക്കുക. 30 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് തീരുമാനം.
മാസപ്പടി വിഷയത്തിൽ ഇ.ഡി. കത്ത് നൽകി 15 ദിവസത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ പച്ചക്കൊടി കാട്ടിയത്. പിണറായി വിജയനെതിരെ അഴിമതി തടയൽ നിയമപ്രകാരം വിജിലൻസ് കേസെടുത്ത് അന്വേഷിക്കാമെന്ന് എ.ജിയും ഡി.ജി.പിയും നിയമോപദേശം നൽകിയിരുന്നെങ്കിലും, ഹവാല ഇടപാടുകൾ അന്വേഷിക്കാൻ വിജിലൻസിന് പരിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിച്ചത്.
നേരിട്ട് കേസ് രജിസ്റ്റർ ചെയ്താൽ പ്രതികൾ കോടതിയെ സമീപിച്ച് അന്വേഷണം തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ആദ്യഘട്ടത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ചത്. പ്രാഥമിക അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നാൽ പ്രത്യേക വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാനുള്ള ശുപാർശ ഡി.ജി.പി. സർക്കാരിന് കൈമാറും.
.jpg)

