സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ നടപടി കടുപ്പിച്ച് ഇ ഡി ; കൂടുതൽ CMRL ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചു

ed

  തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ നടപടി കടുപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൂടുതൽ സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് സിഎംആർഎൽ ജീവനക്കാർക്ക് സമൻസ് നൽകി. ജീവനക്കാരും ഓഡിറ്റർമാരും അടക്കം ഏഴോളം പേർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം വീണയെ വീണ്ടും ചോദ്യം ചെയ്യാനും തീരുമാനമുണ്ട്. കേസിൽ ആദ്യഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണ് വിവരം.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യത്തിൽ സർക്കാർ നിലപാടിന് ശേഷമായിരിക്കും ഇ ഡി തുടർനടപടി സ്വീകരിക്കുക. പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ ഇ ഡി കൈമാറിയ റിപ്പോർട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് പരിശോധിച്ച ശേഷം ആഭ്യന്തര മന്ത്രിക്ക് കൈമാറും. റിപ്പോർട്ട് ലഭിക്കുന്ന പക്ഷം പരിശോധിച്ച ശേഷം തുടർ നടപടി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. ഇ ഡിയുടെ റിപ്പോർട്ട് തള്ളിക്കളയാൻ കഴിയില്ലെന്നും കേസെടുക്കുന്നത് സംബന്ധിച്ച് വേണമെങ്കിൽ നിയമോപദേശം തേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സർക്കാരുമായി സംസാരിച്ച ശേഷമായിരിക്കും തുടർ നടപടികളെന്ന് ഡിജിപി റവാഡ ചന്ദ്രശേഖറും പറഞ്ഞിരുന്നു. ഇ ഡി നൽകിയ റിപ്പോർട്ടിനെ വളരെ ഗൗരവത്തോടെയാണ് കോൺഗ്രസും ഭരണകക്ഷിയും കാണുന്നതെന്ന് മന്ത്രി സണ്ണി ജോസഫും പറഞ്ഞിരുന്നു. അങ്ങനെ ഒരു കത്ത് വന്നാൽ പൊലീസിന് നടപടി എടുക്കാതിരിക്കാൻ കഴിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.

ഡിജിപിക്ക് ഇ ഡി നൽകിയ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, വീണ ടി, മുൻ മന്ത്രിയും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഗുരുതര പരാമർശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ സിഎംആർഎല്ലിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തിൽ പറഞ്ഞത്. പിണറായി വിജയന് പുറമെ മുഹമ്മദ് റിയാസ്, എക്‌സാലോജിക് എം ഡിയായ വീണ എന്നിവർക്കെതിരെയും കത്തിൽ ഗുരുതര ആരോപണമുണ്ട്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകൾ വഴിയും ദുബായിലേക്ക് അയച്ചുവെന്നാണ് കത്തിൽ പറയുന്നത്. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയനെയും ഭർത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തിലുണ്ട്. ഇടപാടുകൾക്കായി എക്‌സാലോജിക് സൊല്യൂഷൻസ് വാഹനം ഉപയോഗിച്ചു, സിഎംആർഎൽ എം ഡി കൈക്കൂലി പണം നൽകി, സിഎംആർഎൽ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി സുരേഷ് കുമാർ കൈക്കൂലി ഇടപാടുകൾ നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും കത്തിൽ പരാമർശിക്കുന്നുണ്ട്. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജൽ, പി നിഖിൽ, ഹസ്സൻ വാരിഷ്, ഫൈസാജ് വി പി, നന്ദുലാൽ എം എന്നിവർ സഹായിച്ചതായും കത്തിൽ വ്യക്തമാക്കിയിരുന്നു.

Tags