ബിഎല്‍എം സാമ്പത്തിക തിരിമറി കേസില്‍ 103 കോടിയുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു

blm

ഹൗസിംഗ് സൊസൈറ്റി വഴി സാധാരണക്കാരില്‍ നിന്ന് ശേഖരിച്ച നിക്ഷേപത്തുക, ചട്ടവിരുദ്ധമായി സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും പ്രേംകുമാര്‍ വകമാറ്റി എന്നടക്കം കണ്ടെത്തിയതായി ഇ ഡി വ്യക്തമാക്കി.

സാമ്പത്തിക തിരിമറി കേസില്‍ ബി എല്‍ എമ്മിന്റെ 103 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ ഡി. ശതകോടികളുടെ തട്ടിപ്പാണ് പ്രേംകുമാര്‍ നടത്തിയതെന്നും സമഗ്രമായ അന്വേഷണം തുടരുമെന്നും ഇ ഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബി എല്‍ എം സ്ഥാപക ചെയര്‍മാന്‍ പ്രേംകുമാറുമായി ബന്ധപ്പെട്ട് ചെന്നൈ, എറണാകുളം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, മൂന്നാര്‍ എന്നീ സ്ഥലങ്ങളിലെ 12 ഇടങ്ങളില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ ഗുരുതര തട്ടിപ്പ് കണ്ടെത്തിയെന്നാണ് ഇ ഡി പറയുന്നത്. 

ഹൗസിംഗ് സൊസൈറ്റി വഴി സാധാരണക്കാരില്‍ നിന്ന് ശേഖരിച്ച നിക്ഷേപത്തുക, ചട്ടവിരുദ്ധമായി സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും പ്രേംകുമാര്‍ വകമാറ്റി എന്നടക്കം കണ്ടെത്തിയതായി ഇ ഡി വ്യക്തമാക്കി.

ബി എല്‍ എമ്മുമായി ബന്ധപ്പെട്ട പണം കൈകാര്യം ചെയ്യാനായി പ്രേംകുമാറും കൂട്ടാളികളും 320 ബാങ്ക് അക്കൌണ്ടുകള്‍ ഉപയോഗിച്ചു. ബി എല്‍ എമ്മിന്റെ ആസ്തികള്‍ പണയം വച്ചും നിക്ഷേപത്തുക വകമാറ്റിയും വ്യക്തിഗതനേട്ടങ്ങള്‍ ആര്‍ജിച്ചതിനൊപ്പം, കുടുംബാംഗങ്ങളുടെ പേരില്‍ വന്‍തോതില്‍ ഭൂമിയും മറ്റും വാങ്ങിക്കൂട്ടുകയും ചെയ്തു. നൂറ് കണക്കിന് കോടി രൂപയുടെ തിരിമറി നടന്നതായാണ് പ്രാഥമിക നിഗമനം എന്നും കള്ളപ്പണനിയമ പ്രകാരം കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാകൂ എന്നും ഇ ഡി വ്യക്തമാക്കി. 

ബി എല്‍ എമ്മിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രേംകുമാര്‍ നേരിട്ടാണ് നിയന്ത്രിക്കുന്നതെന്ന് റെയ്ഡില്‍ ബോധ്യപ്പെട്ടു. പോര്‍ഷെ, റോള്‍സ് റോയ്‌സ്, വെല്‍ഫയര്‍ ഉള്‍പ്പെടെ 8 ആഡംബര കാറുകളും 9.6 കോടി രൂപയടെ സ്വര്‍ണാഭരണങ്ങളും അടക്കം 103 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയോ മരവിപ്പിക്കുകയോ ചെയതെന്നും ഇ ഡി അറിയിച്ചു.

Tags