അവധി ദിവസങ്ങൾ മുതലെടുത്ത് ഇ.ഡി ; കോടതി വിധിക്ക് പിന്നാലെ അതിവേഗ ആക്ഷൻ

ED takes advantage of holidays; takes swift action after court verdict


കൊച്ചി ∙ ആദായ നികുതി വകുപ്പിന്റെ പരിശോധനയിമെ അപ്രതീക്ഷിത പിടിവള്ളിയിൽ പതുക്കെയാണ് അന്വേഷണം ആരംഭിച്ചതെങ്കിലും നിർണായകമായ നിയമകടമ്പ മറികടന്നതോടെ അതിവേഗ നീക്കമാണ്  ഇ.ഡി നടത്തിയത് . ഇന്നലെ രാവിലെ 10.20ഓടെ ഇ.ഡി അന്വേഷണത്തിനെതിരെയുള്ള ഹർജി തള്ളിക്കൊണ്ടുള്ള വിധി ജസ്റ്റിസ് ടി.ആര്‍.രവി പുറപ്പെടുവിച്ചിരുന്നു. പിന്നാലെ, മേൽക്കോടതിയെ സമീപിക്കാൻ രണ്ടാഴ്ച സമയം അനുവദിക്കണമെന്ന് ഹർജിക്കാര്‍ അഭ്യര്‍ഥിച്ചെങ്കിലും ആവശ്യത്തെ ഇ.ഡി ശക്തമായി എതിർക്കുകയായിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹർജിക്കാർക്ക് ഡിവിഷൻ ബെഞ്ചിനെ സമീപിക്കണമെങ്കിൽ തന്നെ രണ്ടു ദിവസത്തെ അവധിക്ക് ശേഷം വെള്ളിയാഴ്ച മാത്രമേ സാധിക്കൂ.  ഇ.ഡി ആ അവസരം വിനിയോഗിക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി റെയ്‍ഡ് നടത്തുന്ന കാര്യം നിയമവൃത്തങ്ങളിൽ പോലും പലരും അറിഞ്ഞത് ഏറെ വൈകിയാണ്. ഇന്നലെ കോടതി വിധി എതിരായെങ്കിലും ഇന്ന് റെയ്ഡ് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഹർജിക്കാരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. 

എന്നാൽ മിന്നൽ നീക്കം നടത്താൻ ആവശ്യമായ കാര്യങ്ങൾ ഹൈക്കോടതി സിംഗിൾ െബഞ്ചിന്റെ ഉത്തരവിലുണ്ടായിരുന്നു. ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് വിധി വന്നതിനു ശേഷം 2024 ഏപ്രിലിലാണ് ഇ.ഡി ഇതുമായി ബന്ധപ്പെട്ട് ഇ.സി.ഐ.ആർ റജിസ്റ്റർ െചയ്യുന്നത്. അന്നു മുതൽ സിംഗിൾ ബെഞ്ച് മുമ്പാകെ ഈ ഹർജിയുണ്ട്. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ), അതിന്റെ എംഡി എസ്.എൻ.ശശിധരൻ കർത്ത, സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചൽ കുരുവിള, ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്.സുരേഷ് കുമാർ എന്നിവരായിരുന്നു ഹർജിക്കാർ. 

ഇ.ഡി നടത്തുന്ന അന്വേഷണവും സമൻസ് അയയ്ക്കുന്നതും സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഹൈക്കോടതി മുമ്പാകെ പല തവണ വിഷയമെത്തി. ഇതിനിടെ, ഉദ്യോഗസ്ഥർ ഇ.ഡി മുമ്പാകെ ഹാജാവുകയും രേഖകൾ ഹാജരാക്കുകയും ചെയ്തു. 24 മണിക്കൂറിലധികം തങ്ങളെ ചോദ്യം ചെയ്തെന്ന് ഇവർ കോടതിയെ അറിയിക്കുകയും ചോദ്യം ചെയ്യലിന്റെ സിസി ടിവി ദൃശ്യങ്ങളും ഫോൺ രേഖകളും സംരക്ഷിക്കണമെന്ന് കോടതി നിർദേശിക്കലും ഇതിനിടെ ഉണ്ടായി. ശശിധരൻ കർത്തയെ ഇ.ഡി വീട്ടിലെത്തിയും ചോദ്യം ചെയ്തിരുന്നു. അതിനൊടുവിലാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വാദം പൂർത്തിയാക്കി കോടതി കേസ് വിധി പറയാനായി മാറ്റിയത്.

ഇ.ഡിക്ക് കേസുമായി മുന്നോട്ടു പോകാൻ ആവശ്യമായ കാര്യങ്ങളൊക്കെ ഇന്നലത്തെ വിധിയിൽ ഉണ്ടെന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സെക്ഷൻ 50 പ്രകാരം ഇ.ഡി നൽകിയ സമൻസിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. എന്നാൽ സമൻസ് ഘട്ടത്തിൽ കേവലം സത്യം ബോധിപ്പിക്കാനോ രേഖകൾ ഹാജരാക്കാനോ മാത്രമാണ് ആവശ്യപ്പെടുന്നത് എന്നതിനാൽ, ഈ ഘട്ടത്തിൽ ഹർജിക്കാർക്ക് യാതൊരുവിധ അവകാശലംഘനവും ഉണ്ടാകുന്നില്ലെന്നും അതിനാൽ ഹർജി നിലനിൽക്കുന്നതല്ല എന്നുമാണ് കോടതി വ്യക്തമാക്കിയത്. ഷെഡ്യൂൾഡ് കുറ്റകൃത്യത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള നടപടികൾക്ക് ഇ.ഡിക്ക് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരുടെ മറ്റൊരു വാദം. എന്നാൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണങ്ങൾക്കും വസ്തുവകകൾ താൽക്കാലികമായി കണ്ടുകെട്ടുന്നതുപോലുള്ള സിവിൽ നടപടികൾ ആരംഭിക്കുന്നതിനും എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നത് ഒരു മുൻവ്യവസ്ഥയല്ലെന്ന് സുപ്രീം കോടതി വിധി മുൻനിർത്തി ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

‌ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിൽ നിന്ന് ഹർജിക്കാർക്ക് ലഭിച്ച പ്രോസിക്യൂഷൻ ഇളവ് ആദായനികുതി നിയമപ്രകാരമുള്ള നടപടികൾക്ക് മാത്രമുള്ളതാണെന്ന് കോടതി വ്യക്തമാക്കിയതാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള നടപടികളിൽ നിന്നും ഈ ഇളവ് വഴി ഹർജിക്കാർക്ക് പരിരക്ഷ അവകാശപ്പെടാൻ കഴിയില്ലെന്നും കോടതി പറയുന്നു. എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ടതായിരുന്നു സിംഗിൾ ബെഞ്ചിന്റെ മറ്റൊരു നിരീക്ഷണം. എസ്എഫ്ഐഒ കമ്പനികാര്യ മന്ത്രാലയത്തിന് അന്തിമ റിപ്പോർട്ട് നൽകിയ ശേഷമേ ഇ.ഡിക്ക് നടപടിയെടുക്കാൻ സാധിക്കൂ എന്ന ഹർജിക്കാരുടെ വാദം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ, കമ്പനി നിയമത്തിലെ സെക്ഷൻ 447 പ്രകാരമുള്ള ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് എസ്എഫ്ഐഒ ഹർജിക്കാർക്കെതിരെ കോടതിയിൽ പരാതി നൽകിയിരുന്നു. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഷെഡ്യൂൾഡ് കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതിനാൽ, തങ്ങൾക്കെതിരെ ഷെഡ്യൂൾഡ് കുറ്റകൃത്യമില്ലെന്ന ഹർജിക്കാരുടെ വാദം നിലനിൽക്കില്ലെന്നാണ് കോടതി വിലയിരുത്തിയത്. 

Tags