മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള വിദ്യാസമുന്നതി സ്കോളർഷിപ്പ്
കേരളത്തിലെ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക് വിദ്യാഭ്യാസത്തിനും പ്രവേശന/മത്സരപ്പരീക്ഷാ പരിശീലനത്തിനും 2025-’26 വർഷത്തേക്കു നൽകുന്ന വിദ്യാസമുന്നതി സ്കോളർഷിപ്പുകൾക്ക് കേരള സംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.
സ്കോളർഷിപ്പ് നൽകുന്ന വിഭാഗവും സഹായധനവും
1. ഹൈസ്കൂൾ (സർക്കാർ/എയ്ഡഡ്): പ്രതിവർഷം 2500 രൂപ. മുൻ വാർഷികപരീക്ഷയിൽ 70 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. മൊത്തം 5662 സ്കോളർഷിപ്പുകൾ.
2. ഹയർസെക്കൻഡറി (സർക്കാർ/എയ്ഡഡ്): പ്രതിവർഷം 4000 രൂപ. എസ്എസ്എൽസി/തത്തുല്യ പരീക്ഷയിൽ ബി + ഗേഡ്/70 ശതമാനം മാർക്ക് വേണം. 6414 പേർക്ക്.
3. ബിരുദം: പ്രൊഫഷണൽ കോഴ്സിൽ (2293 പേർക്ക്) 8000 രൂപയും നോൺ പ്രൊഫഷണൽ കോഴ്സിൽ (6416 പേർക്ക്) 6000 രൂപയും. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കേരളത്തിലെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസർച്ച് ആൻഡ് സയൻറിഫിക് സ്ഥാപനങ്ങൾ, കേന്ദ്ര സർവകലാശാലകൾ, കേരളത്തിനു പുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അഖിലേന്ത്യാതലത്തിലുള്ള മത്സരപ്പരീക്ഷകൾ വഴി മാത്രം പ്രവേശനം ലഭിച്ച കോഴ്സുകൾ എന്നിവയിലൊന്നിലാകണം പഠനം. പ്ലസ് ടു തലത്തിൽ 70 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം.
4. ബിരുദാനന്തര ബിരുദം: പ്രൊഫഷണൽ കോഴ്സിന് പ്രതിവർഷം 16,000 രൂപയും (162 എണ്ണം)
നോൺ പ്രൊഫഷണൽ കോഴ്സ് എങ്കിൽ 10,000 രൂപയും (1073 എണ്ണം) ലഭിക്കും. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച, കേരളത്തിലെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസർച്ച് ആൻഡ് സയൻറിഫിക് സ്ഥാപനങ്ങൾ, കേന്ദ്ര സർവകലാശാലകൾ, കേരളത്തിനുപുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഖിലേന്ത്യാതലത്തിലുള്ള മത്സരപ്പരീക്ഷകൾ വഴി മാത്രം അഡ്മിഷൻ ലഭിക്കുന്ന കോഴ്സുകൾക്ക്.
5. സിഎ, സിഎസ്, സിഎംഎ (ഐസിഡബ്ല്യുഎ): പ്രതിവർഷം 10,000 രൂപ (65 എണ്ണം). സിഎ, സിഎംഎ എന്നിവയിലെ ഇൻറർമീഡിയറ്റ് പ്രോഗ്രാം, സിഎസ് എക്സിക്യുട്ടീവ് പ്രോഗ്രാം പൂർത്തിയാക്കി നാലുവർഷം കഴിയാത്തവരെയാണ് പരിഗണിക്കുക.
6. ദേശീയനിലവാരമുള്ള പ്രീമിയർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്സുകളിൽ പഠിക്കുന്നവർക്ക് പ്രതിവർഷം പരമാവധി 50,000 രൂപ വരെ (59 എണ്ണം) ലഭിക്കും. പഠനം ഐഐടി, ഐഐഎം, എഐഐഎംഎസ്, ജിപ്മർ, ഐഐഎസ്‌സി, എൻഐടി, നാഷണൽ ലോ സ്കൂൾ, നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, എൻഐഎഫ്ടി തുടങ്ങിയവയിൽ ഒന്നിലായിരിക്കണം.
7. ഡിപ്ലോമ/സർട്ടിഫിക്കറ്റ്: പരമാവധി 6000 രൂപ സഹായധനമായി ലഭിക്കും (642 പേർക്ക്). കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കേരളത്തിലെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസർച്ച് ആൻഡ് സയൻറിഫിക് സ്ഥാപനങ്ങൾ, കേരളത്തിനു പുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അഖിലേന്ത്യാതലത്തിലുള്ള മത്സരപ്പരീക്ഷകൾ വഴി മാത്രം പ്രവേശനം ലഭിച്ച കോഴ്സുകൾ എന്നിവയിലൊന്നിലാകണം പഠനം. എസ്എസ്എൽസി/തത്തുല്യ പരീക്ഷയിൽ ബി ഗേഡ്/60 ശതമാനം മാർക്ക് വേണം.
8. ഗവേഷണം (പിഎച്ച്ഡി): ഏഴുപേർക്ക് പ്രതിവർഷം 25,000 രൂപ. കേരളത്തിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിലോ, യുജിസി അംഗീകാരമുള്ള ഇന്ത്യയിലെ ഇതര യൂണിവേഴ്സിറ്റികളിലോ (അഖിലേന്ത്യാ തലത്തിലുള്ള മത്സരപ്പരീക്ഷകൾ വഴി സംസ്ഥാനത്തിനു പുറത്തെ സർവകലാശാലകളിൽ അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾക്ക്) 55 ശതമാനം മാർക്കോടെയുള്ള പിജി വേണം.
9. മെഡിക്കൽ/എൻജിനിയറിങ് (യുജി/പിജി)/നിയമ പഠനം/സിയുഇടി പ്രവേശനപരീക്ഷാ പരിശീലനം: ഒടുക്കിയ ഫീ തിരികെ നൽകും. തിരികെ ലഭിക്കാവുന്ന പരമാവധി തുക 10,000 രൂപ. ബിരുദതലത്തിൽ (പരമാവധി പ്രായം 20 വയസ്സ്) 1628 പേർക്കും പിജിതലത്തിൽ (പ്രായപരിധിയില്ല) 600 പേർക്കും. യോഗ്യതാപരീക്ഷാ മാർക്ക് സംബന്ധിച്ച വ്യവസ്ഥയുണ്ട്.
10. ബാങ്ക്, എസ്എസ്‌സി, പിഎസ്‌സി, യുപിഎസ്‌സി (സിവിൽ സർവീസസ് പരീക്ഷ ഒഴികെ), മറ്റ് മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനം: പരമാവധി 6000 രൂപ സഹായധനം എന്നതിനു വിധേയമായി പരിശീലനത്തിന് ഒടുക്കിയ ഫീസ് തിരികെ ലഭിക്കും. നിലവാരമുള്ള സ്ഥാപനത്തിൽ നേരിട്ടു പഠിക്കുകയായിരിക്കണം
11. സിവിൽ സർവീസസ് പരീക്ഷാപരിശീലനം: സഹായധനമായി പ്രിലിമിനറി പരിശീലനത്തിന് 115 പേർക്ക് പരമാവധി 15,000 രൂപയും പ്രിലിമിനറി പാസായശേഷമുള്ള മെയിൻ പരീക്ഷാ പരിശീലനത്തിന് പരമാവധി 25,000 രൂപയും (29 പേർക്ക്) ഇൻറർവ്യൂവിൽ പങ്കെടുക്കാൻ പരമാധി 30,000 രൂപയും (15 പേർക്ക്) ലഭിക്കും.
12. നെറ്റ്, സെറ്റ്, സിടെറ്റ്, കെ-ടെറ്റ് തുടങ്ങിയവയുടെ പരിശീലനത്തിന് (വകുപ്പുതല യോഗ്യതാനിർണയ പരീക്ഷകൾ ഒഴികെ): പരമാവധി 8000 രൂപ വരെ സഹായധനം.
പരീക്ഷാ പരിശീലനങ്ങൾ ഓൺലൈനാണെങ്കിൽ സഹായം ലഭിക്കില്ല. ഓരോ പദ്ധതിയുടെയും വിശദാംശങ്ങൾ വിശദമായ അർഹതാ വ്യവസ്ഥകൾ schemes.kswcfc.org/ ലെ വിജ്ഞാപനങ്ങളിൽ ഉണ്ട്.
പൊതുവ്യവസ്ഥകൾ
* അപേക്ഷകർ കേരളത്തിലെ സംവരണ ഇതരവിഭാഗങ്ങളിൽ പെടുന്നവരായിരിക്കണം.
* അപേക്ഷകരുടെ പിതാവിന്റെ/മാതാവിന്റെ/രക്ഷകർത്താവിന്റെ വാർഷിക കുടുംബവരുമാനം നാലുലക്ഷം രൂപ കവിയരുത്.
* അപേക്ഷകർ ഉൾപ്പെട്ട റേഷൻകാർഡിൽ അംഗമായ വ്യക്തിയുടെ (മുകളിൽ സൂചിപ്പിച്ചവരിൽ ഒരാൾ) പേരിലായിരിക്കണം കുടുംബ വാർഷിക വരുമാനസർട്ടിഫിക്കറ്റ്.
* അപേക്ഷകരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കു മാത്രമേ സഹായധനം നിക്ഷേപിക്കുകയുള്ളൂ.
* www.kswcfc.org ൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. അപ്പോൾ ലഭിക്കുന്ന യൂസർ നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് പ്രൊഫൈൽ രൂപപ്പെടുത്തി നവംബർ 19 വരെ അപേക്ഷിക്കാം.
.jpg)


