അയ്യമ്പിള്ളിയില്‍ സി.പി.ഐ പ്രവര്ത്തകന് നേരെ നടന്ന ആക്രമണത്തില്‍ ഏഴ് ഡി.വൈ.എഫ്.ഐക്കാർ അറസ്റ്റിൽ

ചെറായി: അയ്യമ്പിള്ളിയില്‍ സി.പി.ഐ പ്രവര്ത്തകന് നേരെ നടന്ന ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കളായ നിജില്‍, പ്രജിത്ത്ലാല്‍, സേതുലാല്‍, സൂരജ്, ജയജീഷ്, പ്രശാന്ത് , സജീഷ്, എന്നിവരെ അറസ്റ്റ് ചെയ്തു. ഒമ്പത് പേര്‍ക്കെതിരെയാണ് മുനമ്പം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അറസ്റ്റിലായവരെ ജാമ്യത്തില്‍ വിട്ടയച്ചു.
മത്സ്യത്തൊഴിലാളി ഫെഡറേഷന് (എ.ഐ.ടി.യു.സി) ജില്ല ജോ.സെക്രട്ടറി കൂടിയായ പള്ളിപ്പുറം പോണത്ത് സുനില്‍ കുമാറിന് നേരെയാണ് ചൊവ്വാഴ്ച രാത്രി ആക്രമണം നടന്നത്. അയ്യമ്പിള്ളിയിലെ പാര്‍ട്ടി ഓഫിസില്‍ നിന്നിറങ്ങി ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുകയായിരുന്ന സുനിലിനെ വാഹനത്തില്‍ എത്തി റോഡരികില്‍ കാത്തുനിന്നിരുന്ന സംഘം ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇരുചക്രവാഹനവും തകര്‍ത്തു. ദേഹത്തും കൈക്കും ഇരുമ്പുവടിക്ക് അടിയേറ്റിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ തലക്ക് നേരിട്ട് അടിയേറ്റിട്ടില്ല. ഓടിയെത്തിയ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സുനിലിനെ ഉടന്‍ കുഴുപ്പിള്ളി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എറെക്കാലം സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന സുനില്‍ ഈ അടുത്ത് സി.പി.ഐയില്‍ ചേര്‍ന്നിരുന്നു. ഇതിലുളള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ ആരോപിച്ചു.
ഇതിനിടെ സി.പി.എമ്മിന്റെ കുഴുപ്പിള്ളി ലോക്കല്‍ കമ്മിറ്റി ഓഫിസായ എം.കെ. കൃഷ്ണന് സ്മാരക മന്ദിരത്തിന് നേരെ ബുധനാഴ്ച രാത്രി അജ്ഞാതരുടെ ആക്രമണം ഉണ്ടായി. ഇഷ്ടിക കൊണ്ടുള്ള ഏറില്‍ കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് സി.പി.എം ഇന്നലെ പ്രകടനത്തിന് ആഹ്വാനം ചെയ്തെങ്കിലും പിന്നീട് പൊലീസ് വിളിച്ച് ചേര്‍ത്ത സി.പി.എം - സി.പി.ഐ നേതാക്കളുടെ അനുരഞ്ജന യോഗത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. സി.പി.ഐ. നടത്താനിരുന്ന പ്രതിഷേധ പരിപാടികളും തൽക്കാലം ഉപേക്ഷിച്ചു.