മുഖ്യമന്ത്രിയുടെ ‘ചോരയ്‌ക്ക്‌ ചോര’ വെല്ലുവിളിക്കെതിരെ ഡിവൈഎഫ്‌ഐ കമ്മീഷണർക്ക്‌ പരാതി നൽകി

DYFI files complaint with Commissioner against CM's 'blood for theft' challenge

കണ്ണൂർ : യൂത്തുകോൺഗ്രസ്‌ പൊതുയോഗത്തിൽ ‘ചോരയ്‌ക്ക്‌ ചോര’ എന്ന നിലയിൽ പകരം ചോദിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ കൊലവിളി പ്രസംഗത്തിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി പൊലീസ്‌ കമ്മീഷണർക്ക്‌ പരാതി നൽകി. കഴിഞ്ഞ 20ന്‌ വൈകിട്ട്‌ കണ്ണൂർ ടൗൺ സ്ക്വയറിൽ യൂത്ത് കോൺഗ്രസ്‌ നടത്തിയ പരിപാടിയിലാണ്‌ മുഖ്യമന്ത്രി പ്രകോപനപരമായി പ്രസംഗിച്ചത്‌.  യൂത്ത് കോൺഗ്രസ്സിന്റെയും കോൺഗ്രസിന്റെയും നിരവധി നേതാക്കളും  പ്രവർത്തകരും ശ്രോതാക്കളായി മറ്റ് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരും രാഷ്ട്രീയ ആഭിമുഖ്യം ഒന്നുമില്ലാത്തവരും  ടൗൺ സ്ക്വയറിൽ ഉണ്ടായിരുന്നു.  

ലഹള  ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണ്‌ മുഖ്യമന്ത്രി  പ്രസംഗിച്ചത്‌. ‘നിങ്ങളുടെ ചോരയിൽ നിന്ന് പിറന്ന് വീണതാണ് ഈ സർക്കാർ. നിങ്ങളുടെ ചോരയ്ക്ക് ഞങ്ങൾ പകരം ചോദിക്കും. ഒന്നും മറക്കില്ല; പഴയതുപോലെ അല്ല, അധികാരത്തിൽ വരുമ്പോൾ മറക്കണമെന്നാണ് പഴയ രീതി എന്നാൽ ഇനി മറക്കില്ല. എണ്ണിയെണ്ണി പകരം ചോദിക്കും ഒരു സംശയവും വേണ്ട, അതിനൊന്നും ഒരു വിട്ടുവീഴ്ചയുമില്ല. അതുകൊണ്ടാണല്ലോ അന്വേഷണങ്ങൾ നടക്കുന്നത്' എന്നതടക്കം അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടായിരുന്നു. 
എൽഡിഎഫ്‌  സർക്കാരിനെ നയിച്ചവർക്കും പിന്തുണച്ചവർക്കും എതിരെ കോൺഗ്രസ്സുകാരിലും യൂത്ത് കോൺഗ്രസ്സുകാരിലും വെറുപ്പും വിദ്വേഷവും ശത്രുതയും  ഉണ്ടാക്കിയെടുക്കുന്നതിനും അതിലൂടെ ലഹളയും കലാപങ്ങളും സൃഷ്ടിക്കുന്നതിനും പ്രേരിപ്പിക്കുന്നതാണ്‌ പ്രസംഗം.

ഇതിലൂടെ സത്യപ്രതിജ്ഞ ലംഘനമാണ്‌ മുഖ്യമന്ത്രി നടത്തിയത്. പ്രസംഗം കേട്ട യൂത്തു  കോൺഗ്രസ്സ് പ്രവർത്തകർ കണ്ണൂർ ജില്ലയിൽ പലയിടത്തും ഡിവൈഎഫ്‌ഐ പ്രവർത്തകരെ ഭീഷണിപ്പെടുത്തി പ്രകോപനം സൃഷ്ടിക്കുകയാണ്. മുഖ്യമന്ത്രി യുടെ പ്രസംഗം കേട്ട് ആവേശത്തിൽ മാത്രമാണ് അവർ ഭീഷണി മുഴക്കുന്നത്. ഈ പ്രസംഗം  നവ മധ്യമങ്ങളിൽ പ്രചരിപ്പിച്ച് വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയാണ്. കൃത്യമായ ആസൂത്രണത്തോടെ സമൂഹത്തിൽ അശാന്തി വളർത്താനുള്ള ഉദ്ദേശത്തോടുകൂടി തെറ്റായതും കുറ്റകരമായതുമായ പ്രസംഗം നടത്തിയ  മുഖ്യമന്ത്രി വി ഡി സതീശനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി മുഹമ്മദ്‌ അഫ്‌സൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Tags