ഇരട്ട വോട്ടർ ഐഡി കാർഡ് : 3 മാസത്തിനകം പരിഹരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

election commission
election commission

ഒരേ നമ്പർ ഉള്ള വോട്ടർ ഐ ഡി കാർഡ് പല വോട്ടർമാർക്കും നൽകിയെന്ന പ്രശ്‌നത്തിന് മൂന്ന് മാസത്തിനകം പരിഹാരം കാണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വോട്ടർ ഐ ഡി കാർഡ് നമ്പർ ഉള്ള വോട്ടർമാർക്ക് അടുത്ത മൂന്ന് മാസത്തിനുള്ളിൽ സവിശേഷ വോട്ടർ ഐ.ഡി കാർഡ് നമ്പർ ലഭ്യമാക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഭാവിയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർക്കും ഇത്തരത്തിൽ സവിശേഷ നമ്പർ ഉറപ്പാക്കുമെന്നും കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇരട്ട വോട്ടർ ഐ.ഡി നമ്പർ കിട്ടിയവരും യഥാർഥ വോട്ടർമാർ തന്നെയാണെന്ന് കമ്മീഷൻ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. വോട്ടർ ഐ.ഡി സീരീസ് അനുവദിച്ചപ്പോൾ ചില രജിസ്‌ട്രേഷൻ ഓഫീസർമാർ തെറ്റായ സീരീസ് നൽകിയതാണ് പിഴവിന് കാരണം.

സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അവരവരുടെ വോട്ടർ പട്ടിക സ്വതന്ത്രമായി കൈകാര്യം ചെയ്തിരുന്നത് കൊണ്ടാണ് ഇതുവരെ പിശക് കണ്ടുപിടിക്കപ്പെടാതെ പോയത്. സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്തി ഇതിന് പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു. വോട്ടർ ഐ ഡി നമ്പർ ഏതാണെങ്കിലും, ഒരു പോളിംഗ് സ്റ്റേഷനിലെ വോട്ടർ പട്ടികയിൽ പേരുള്ള വോട്ടർക്ക് അവിടെ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

വിശദമായ പ്രക്രിയയിലൂടെയാണ് കമ്മീഷൻ വോട്ടർ പട്ടിക തയ്യാറാക്കുന്നതും അന്തിമമാക്കുന്നതും. രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ഏജൻറുമാർക്ക് വോട്ടർ പട്ടിക പരിശോധിക്കാം. വീട് തോറും കയറിയുള്ള സ്ഥിരീകരണത്തിനും വിശദമായ പരിശോധനകൾക്കും കരട് വോട്ടർ പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. പരാതികൾ അറിയിക്കാൻ ഒരു മാസത്തെ സമയവും അനുവദിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻറെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ അപാകത ഉണ്ടെന്ന് പരാതിയുണ്ടെങ്കിൽ, ജില്ലാ മജിസ്‌ട്രേട്ടിനോ ജില്ലാ കളക്ടർക്കോ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിനോ അപ്പീൽ നൽകാൻ അവസരമുണ്ട്. തീരുമാനം തൃപ്തികരമല്ലെങ്കിൽ അതാത് സംസ്ഥാനത്തിന്റെയോ കേന്ദ്രഭരണപ്രദേശത്തിന്റെയോ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകാനും സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Tags