കക്കൂസ് മാലിന്യം നിക്ഷേപിച്ച തോട്ടിൽ ഇറങ്ങി ; തിരുവല്ലയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി

Ducks die in droves in Thiruvalla after falling into a stream filled with toilet waste

 തിരുവല്ല : തോട്ടിൽ നിക്ഷേപിച്ച കക്കൂസ് മാലിന്യത്തിൽ ഇറങ്ങിയ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. തിരുവല്ലയിലെ വേങ്ങലിൽ വേളൂർ മുണ്ടകത്താണ് സംഭവം. താറാവ് കർഷകനായ വേങ്ങൽ വാണിയപുരക്കൽ വീട്ടിൽ അനിൽ പൗലോസിന്റെ 8000 ത്തോളം താറാവുകളിൽ 300 താറാവുകളെയാണ് ഇന്ന് പുലർച്ചയോടെ വേങ്ങൽ - വെള്ളൂർമുണ്ടകം തോട്ടിലെ മലിന ജലത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ബാക്കിയുള്ള താറാവുകളെ ഉടൻതന്നെ സമീപത്തെ പാടശേഖരത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ 300 ഓളം താറാവുകൾ അവശനിലയിലാണ്. ചത്ത താറാവുകളെ പുലർച്ചയോടെ കുഴിച്ചിട്ടു. തോട്ടിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ച വിവരം അറിയാതെ ഇന്നലെ രാത്രിയാണ് അനിൽ താറാവുകളെ പതിവുപോലെ തോട്ടിലേക്ക് ഇറക്കിവിട്ടത്. 

തോടിൻ്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്ച കാലമായി ടാങ്കറിൽ എത്തിക്കുന്ന കക്കൂസ് മാലിന്യം തോട്ടിൽ നിക്ഷേപിക്കുന്നത് പതിവായി മാറിയിരിക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാൽ പറഞ്ഞു. രണ്ട് കിലോമീറ്റർ ഓളം ദൂരത്ത് ഒരുവശത്ത് തോടും മറുവശത്ത് വിശാലമായ നെൽപ്പാടവും ഉള്ള ഈ പ്രദേശത്ത് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി നൂറുകണക്കിന് പേരാണ് പ്രതിദിനം ഈ പ്രദേശത്ത് എത്തുന്നത്. തോട്ടിൽ നിരന്തരമായി കക്കൂസ് മാലിന്യം തള്ളുന്നത് ഇവിടേക്ക് എത്തുന്നവർക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.  

Ducks die in droves in Thiruvalla after falling into a stream filled with toilet waste

സംഭവമറിഞ്ഞ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഈപ്പൻ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാൽ, വാർഡ് മെമ്പർമാരായ സാബു ഐസക് ,സന്ധ്യ എസ് , പെരിങ്ങര പഞ്ചായത്ത് വെറ്റിനറി വിഭാഗം ഡോക്ടർമാർ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു. സംഭവത്തിൽ പ്രദേശത്തെ സിസിടിവി അടക്കം പരിശോധിച്ച് കക്കൂസ് മാലിന്യം തള്ളിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് തിരുവല്ല ഡിവൈഎസ്പിക്ക് പരാതി നൽകിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഈപ്പൻ കുര്യൻ പറഞ്ഞു. ചത്ത താറാവുകളിൽ ഒന്നിന്റെ മൃതശരീരം പോസ്റ്റുമോർട്ടത്തിനായി നൽകിയിട്ടുണ്ടെന്നും പരിശോധന ഫലം ലഭിച്ചാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാവൂ എന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags