മദ്യപിച്ചെത്തി, ഭാര്യയുടെ മടിയിലിരുന്ന ഒരു വയസുകാരിയായ മകളെ തറയില്‍ അടിച്ചുകൊന്നു, രണ്ടാനച്ഛന്‍ പിടിയില്‍

arrest

കൊലപാതകം മറച്ചുവെക്കാന്‍ ശ്രമിച്ചെങ്കിലും മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 

മാവേലിക്കര മാങ്കാംകുഴിയില്‍ മദ്യപിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളി ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ തറയിലടിച്ചു കൊന്നു. കുഞ്ഞിന്റെ രണ്ടാനച്ഛന്‍ അസം സ്വദേശി പരിതോഷ് മൊണ്ടേലിനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം മറച്ചുവെക്കാന്‍ ശ്രമിച്ചെങ്കിലും മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 

അസം സ്വദേശി പരിതോഷ് മൊണ്ടേലും ഇയാള്‍ക്കൊപ്പം താമസിക്കുന്ന റോണ്ട് വാലി എന്ന സ്ത്രീയും ഇന്നലെ രാത്രി പത്തരയോടെ ഒരു വയസുള്ള പെണ്‍കുഞ്ഞ് ദീപികയുടെ മൃതദേഹവുമായി മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തുകയായിരുന്നു. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ കുട്ടിയെ പരിശോധിച്ചപ്പോള്‍ ശരീരത്തില്‍ സംശയകരമായ പാടുകള്‍ ശ്രദ്ധയില്‍പെട്ടതോടെ വിവരം കുറത്തികാട് പോലീസില്‍ അറിയിച്ചു .

പോലീസ് ഇരുവരെയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ക്രൂര കൊലപാതത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. മദ്യപിച്ചെത്തിയ പരിതോഷ് രാത്രി പത്തുമണിയോടെ ഭാര്യയുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് ഭാര്യയുടെ മടിയിലിരുന്ന ഇളയ മകള്‍ ദീപികയെ പിടിച്ചുവാങ്ങി മുറിക്കുള്ളില്‍ വെച്ച് നിലത്തേക്ക് എറിയുകയും മുഖം തറയിലിടിക്കുകയുമായിരുന്നു. കുട്ടിക്ക് അനക്കമില്ലെന്ന് മനസിലായതോടെയാണ് ഇരുവരും കുഞ്ഞുമായി ആശുപത്രിയിലെത്തിയത്. കുട്ടിയുടെ സഹോദരിയെയും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി മോണ്ട് വാലി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.കുറത്തികാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാങ്കാംകുഴിയ്ക്ക് സമീപത്തെ വാടക വീട്ടില്‍ കഴിഞ്ഞ 28 നാണ് കുടുംബം താമസത്തിനെത്തിയത്. മോണ്ട് വാലി ഭാര്യ എന്നാണ് പരിതോഷ് നാട്ടുകാരോട് പറഞ്ഞിരുന്നത് എങ്കിലും ഇരുവരും നിയമപരമായി വിവാഹിതര്‍ അല്ലെന്നാണ് പോലീസ് കണ്ടെത്തിയത്.അസമിലെ ഗുവാഹത്തി സ്വദേശിയായ പരിതോഷ് മൈക്കാട് ജോലിക്കാരനാണ്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

Tags