‘ട്രെയിനിൽ ലഹരി ഉപയോഗിച്ചാൽ ഇനി നടപടി ഉറപ്പ്’ ; ശിക്ഷാ നടപടികൾ ശരിവെച്ച് ഹൈക്കോടതി

train

 ട്രെയിനിലോ റെയിൽവേ വളപ്പിലോ ലഹരി ഉപയോഗിച്ച നിലയിൽ പിടിയിലായാൽ ഇനി ഇളവില്ല. ലഹരി ഉപയോഗിക്കുന്നവരെ റെയിൽവേ പരിസരത്ത് നിന്ന് പുറത്താക്കാനും ശിക്ഷാ നടപടികൾ സ്വീകരിക്കാനും അധികാരം നൽകുന്ന 1989ലെ റെയിൽവേ ആക്റ്റിലെ 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളി.

ടൂർ ആൻഡ് ട്രാവൽസ് കമ്പനി മാനേജിങ് ഡയറക്ടർ കെ. എൻ. ശാസ്ത്രിയാണ് ഹർജി നൽകിയത്. ഔദ്യോഗിക ആവശ്യങ്ങൾക്കിടെ ചെറിയ അളവിൽ മദ്യം കഴിച്ച് ട്രെയിനിൽ യാത്ര ചെയ്യേണ്ടിവരാറുണ്ടെന്നും ‘ലഹരി ഉപയോഗിച്ച അവസ്ഥ’ എന്നതിന് കൃത്യമായ നിർവചനം നിയമത്തിലില്ലെന്നും ഹർജിക്കാരൻ വാദിച്ചു. ഇത് ആർപിഎഫിന് യാത്രക്കാരെ അനാവശ്യമായി ഉപദ്രവിക്കാനും സഞ്ചാരസ്വാതന്ത്ര്യം തടയാനും ഇടയാക്കുമെന്നായിരുന്നു പരാതി.

എന്നാൽ ട്രെയിനുകളിലും റെയിൽവേ വളപ്പിലും മറ്റ് യാത്രക്കാരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ ഇത്തരം വ്യവസ്ഥകൾ ആവശ്യമാണ് എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ലഹരി ഉപയോഗിച്ചതായി സംശയിക്കുന്നയാളെ ആദ്യം മാറ്റിനിർത്തുന്നത് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണെന്നും തുടർന്ന് ബ്രെത്ത് അനലൈസർ, മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് തുടർനടപടികളിലേക്ക് കടക്കുകയെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. ശരീരഭാഷ, സംസാരം, പെരുമാറ്റം തുടങ്ങിയ ലക്ഷണങ്ങൾ പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങളും റെയിൽവേ ബോർഡിന്റെ സുരക്ഷാ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഒരു നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഉണ്ടെന്ന കാരണത്താൽ മാത്രം ആ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വ്യക്തിപരമായി അനാവശ്യമായി ഉപദ്രവം നേരിട്ടാൽ നിയമപരമായി അതിനെതിരെ നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. ഇതോടെ ട്രെയിൻ യാത്രയ്ക്കിടെ ലഹരി ഉപയോഗിക്കുന്നവർക്കെതിരെ റെയിൽവേ നിയമപ്രകാരമുള്ള നടപടികൾ തുടരാമെന്ന നിലപാടാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

Tags