ബിജെപി കൗണ്‍സിലര്‍ സുഗതനെ പിടികൂടുന്നതിനിടെ തലസ്ഥാനത്ത് നാടകീയ സംഭവങ്ങള്‍ ;സുഗതനും അനുയായികളും ചേര്‍ന്ന് വളഞ്ഞ് മര്‍ദ്ദിച്ചെന്ന് പൊലീസ് ; ഭാര്യയേയും മകനേയും പൊലീസ് ആക്രമിച്ചെന്ന് സുഗതന്‍
താന്‍ ചിക്കന്‍പോക്‌സ് ബാധിതനാണെന്നും പോലീസിനോട് കോടതിയില്‍ ഹാജരാകാന്‍ രണ്ടു ദിവസത്തെ സമയം ചോദിച്ചിട്ടും അനുവദിച്ചില്ലെന്നും സുഗതന്‍ പറഞ്ഞു
വധശ്രമക്കേസില്‍ ഒളിവിലായിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം വാര്‍ഡ് ബിജെപി കൗണ്‍സിലര്‍ സുഗതനെ പിടികൂടുന്നതിനിടെ തലസ്ഥാനത്ത് നാടകീയ സംഭവങ്ങള്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണത്ത് എത്തിയ പോലീസ് സംഘത്തെ സുഗതനും അനുയായികളും ചേര്‍ന്ന് വളഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അക്രമത്തില്‍ വട്ടിയൂര്‍ക്കാവ് സിഐ വിപിന്‍, എസ്‌ഐ അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. പ്രതികളില്‍ നിന്നും രക്ഷപ്പെടുന്നതിനും സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനുമായി വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒ വിപിന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ച ശേഷമാണ് പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തിയത്. പരിക്കേറ്റ സിഐയെയും എസ്‌ഐയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സിഐ വിപിനെ നിലവില്‍ സ്‌കാനിംഗിന് വിധേയനാക്കിയിരിക്കുകയാണ്.
മുന്‍പ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന സുഗതന്റെ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒരാളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ സുഗതന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും, ഈ മാസം ഏഴാം തീയതിക്ക് മുന്‍പായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി ഉത്തരവ് ലംഘിച്ച് ഒളിവിലിരുന്ന കൗണ്‍സിലര്‍ ഇന്ന് പ്രദേശത്ത് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടാന്‍ എത്തിയത്
അതേസമയം, പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൗണ്‍സിലര്‍ സുഗതന്‍ രംഗത്തെത്തി. താന്‍ ചിക്കന്‍പോക്‌സ് ബാധിതനാണെന്നും പോലീസിനോട് കോടതിയില്‍ ഹാജരാകാന്‍ രണ്ടു ദിവസത്തെ സമയം ചോദിച്ചിട്ടും അനുവദിച്ചില്ലെന്നും സുഗതന്‍ പറഞ്ഞു. അറസ്റ്റിനെ എതിര്‍ത്ത തന്റെ ഭാര്യയെയും മകനെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായും സുഗതന്‍ ആരോപിച്ചു. എന്നാല്‍ കൗണ്‍സിലറും ചേട്ടനും ചേര്‍ന്നാണ് പോലീസുകാരെ മര്‍ദ്ദിച്ചതെന്നും ആത്മരക്ഷാര്‍ത്ഥമാണ് വെടിയുതിര്‍ത്തതെന്നുമാണ് പോലീസിന്റെ വിശദീകരണം.
.jpg)

