ഡോ. വന്ദനയുടെ കൊലപാതകം; സംസ്ഥാന പോലിസ് മേധാവി ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന പോലിസ് മേധാവി ഇന്ന് രാവിലെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഓണ്‍ലൈന്‍ ആയി ഡിജിപി യോട് ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍ , കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്. നടന്ന സംഭവത്തെ കുറിച്ച് സ്ഥലം മജിസ്‌ട്രേറ്റും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാനും ആശുപത്രി സൂപ്രണ്ട് ഇക്കാര്യം ഉറപ്പ് വരുത്താനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ വിഷയം പരിഗണിച്ച കോടതി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവവികാസങ്ങളാണ് നടന്നതെന്നും, പൊലീസും സര്‍ക്കാര്‍ സംവിധാനവും പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞിരുന്നു. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചു പൂട്ടണമെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഇന്ന് രാവിലെ പത്ത് മണിക്ക് കോടതി വിഷയം പരിഗണിക്കും.