ഡോ . വന്ദനയുടെ കൊലപാതകം; അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡ്യൂട്ടിക്കിടയില്‍ വനിതാ ഡോക്ടാര്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ അനുശോചനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡോ. വന്ദനദാസിന്റെ കൊലപാതക വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് രാഹുല്‍ കുറിച്ചു.
ഫെയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
' കേരളത്തില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ കുത്തേറ്റു മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ഡോ. വന്ദനയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അഗാധമായ അനുശോചനം അറിയിക്കുന്നു. ഡോക്ടര്‍മാരും ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ തങ്ങളുടെ ജീവന്‍ പണയം വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കെതിരെ ആവര്‍ത്തിച്ചുള്ള ഭീഷണികളും അക്രമങ്ങളും അങ്ങേയറ്റം ആശങ്കാജനകമാണ്. അവരുടെ സുരക്ഷയും ഗവണ്‍മെന്റിന്റെ മുന്‍ഗണനകളില്‍ ഒന്നായിരിക്കണം.
മയക്കുമരുന്ന് എന്ന വിപത്തിനെ നേരിടാന്‍ ശക്തമായ നിയമ നടപടികള്‍ ഇക്കാലത്ത് ആവശ്യമാണ്. ഡിഅഡിക്ഷന്‍ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പോലീസ് നടപടിക്രമങ്ങളും അവലോകനം ചെയ്യണം.
ഇത്തരമൊരു ദുരന്തത്തെക്കുറിച്ച് സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തുന്ന വിവേകശൂന്യമായ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്.
കേരള സര്‍ക്കാരിനോടും ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും ഈ വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഡോ. വന്ദനയെ നമുക്ക് നഷ്ടപ്പെട്ടു, പക്ഷേ നീതി ലഭിക്കണം.'