ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം മേല്‍ശാന്തിയായി ഡോ.ശിവകരന്‍ നമ്പൂതിരിപ്പാടിനെ തെരഞ്ഞെടുത്തു

Dr Sivakaran Namboothiripad

തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം മേല്‍ശാന്തിയായി കോട്ടയം കുറിച്ചിത്താനം തോട്ടം ഡോ.ശിവകരന്‍ നമ്പൂതിരിപ്പാടിനെ തെരഞ്ഞെടുത്തു. ആറ്  മാസക്കാലമാണ് കാലാവധി. നിരവധി തവണ അപേക്ഷിച്ചിരുന്നെങ്കിലും ആദ്യമായാണ് ശിവകരന്‍ നമ്പൂതിരി  മേല്‍ശാന്തിയാകുന്നത്.  ഈ മാസം 31ന് ചുമതലയേല്‍ക്കും.
നാല്‍പത്  അപേക്ഷകരാണ്് ഇത്തവണയുണ്ടായിരുന്നത്. 

ഇതില്‍ 39 പേരെ ദേവസ്വം കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. 33 പേര്‍ ഹാജരായി. പ്രധാന തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടുമായി നടന്ന കൂടികാഴ്ചയില്‍ 28 പേര്‍ യോഗ്യത നേടി. ഇവരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തിലിട്ട് കീഴ്ശാന്തി പൊട്ടക്കുഴി ഭവദാസന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്. നറുക്കെടുക്കേണ്ട മേല്‍ശാന്തിക്ക് വാലായ്മയായതിനാലാണ് കീഴ്ശാന്തി നറുക്കെടുത്തത്.  30 വര്‍ഷത്തോളമായി 30ലധികം തവണ ശിവകരന്‍ നമ്പൂതിരി മേല്‍ശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു. ആയ്യൂര്‍വേദ ഡോക്ടറായ ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും ഡോക്ടര്‍മാരാണ്. 

കുറിച്ചിത്താനത്ത് ശ്രീധരി വൈദ്യശാല എന്ന ആയ്യൂര്‍വേദ ആശുപത്രിയുടെ ഉടമയാണ്. ശിവകരന്‍ ഡോക്ടര്‍ രോഗികളെ പരിശോധിക്കുന്നുമുണ്ട്. സാമവേദ പണ്ഡിതനായ ഇദ്ദേഹം വിദേശരാജ്യങ്ങളിലും വേദ സംബന്ധമായി ക്ലാസെടുക്കാറുണ്ട്. കുറിച്ചിത്താനത്തെ ഇല്ലത്ത് അഞ്ച് കുട്ടികള്‍ക്ക് ഗുരുകുല സമ്പ്രദായത്തില്‍ വേദം പഠിപ്പിച്ചു വരുന്നു. 

അച്ഛന്‍ പരേതനായ തോട്ടം സുബ്രമഹ്ണ്യന്‍ നമ്പൂതിരിയില്‍ നിന്നാണ് വേദം പഠിച്ചത്. ആലുവ തന്ത്രവിദ്യാപീഠത്തില്‍ നിന്ന് പൂജ പഠിച്ച ശേഷം കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ ശിഷ്യനായി.കുറിച്ചിത്താനം മഠത്തില്‍ മനയക്കല്‍ ഡോ.മഞ്ജരിയാണ് പത്‌നി .മക്കള്‍ ; ഡോ. നന്ദിത, ഡോ. നിവേദിത.

നിയുക്തമേല്‍ശാന്തി തിങ്കളാഴ്ച മുതല്‍ ക്ഷേത്രത്തില്‍ ഭജനം തുടങ്ങും. 12 ദിവസത്തിന് ശേഷം 31ന് രാത്രി അത്താഴപൂജക്ക് ശേഷം ചുമതലയേല്‍ക്കും. ഏപ്രില്‍ ഒന്ന് മുതല്‍ ആറ് മാസമാണ് കാലാവധി. അമ്മ : പരേതയായ അടാട്ട് ചെമ്മങ്ങാട്ട് മനയില്‍ ഉമ അന്തര്‍ജനം.

Share this story