ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസികാരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസികാരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര ജയിലിലെത്തി പ്രതിയെ പരിശോധിച്ചു. ആശുപത്രിയില്‍ ആക്രമണം നടത്തിയത് താന്‍ ആക്രമിക്കപ്പെടുമെന്ന് തോന്നിയതിനാലാണ് എന്നാണ് അയാള്‍ പറയുന്നത്.
സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചതുമുതല്‍ വിവിധ തരത്തിലുള്ള വൈദ്യപരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. ജയിലിലെത്തിച്ചപ്പോഴും ആക്രമണ സ്വഭാവം കാണിച്ചിരുന്നു. കഴിഞ്ഞ ദിവസം സാധാരണ നിലയിലായി. തുടര്‍ന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ അയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി.
ഡോക്ടറും ജയില്‍ സൂപ്രണ്ടും സന്ദീപുമായി ദീര്‍ഘനേരം സംസാരിച്ചു. മദ്യപാനശീലമുള്ളയാളാണെന്നും കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അയാള്‍ പറഞ്ഞു. കൊട്ടാരക്കര ആശുപത്രിയിലെത്തിയപ്പോള്‍ അവിടെയുള്ളവര്‍ തന്നെ ആക്രമിക്കപ്പെടുമെന്ന തോന്നലുണ്ടായി. അതോടെയാണ് കത്രിക കൈയിലെടുത്തത്. പുരുഷ ഡോക്ടറെ ആക്രമിക്കാനായിരുന്നു കരുതിയിരുന്നത്. ഡോക്ടറുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ പ്രതിരോധിക്കാനായിരുന്നു കത്രികയെടുത്തത്. ഡോ. വന്ദനാദാസിനെ കുത്തിയത് ഓര്‍മയുണ്ടെന്നും എന്നാല്‍ മരണം സംഭവിച്ചത് അറിയില്ലായിരുന്നെന്നും പ്രതി പറഞ്ഞു.