യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇത്തരം 'കാവി അജണ്ടകള്‍ക്കെതിരെ' മൗനം പാലിക്കരുത് ; സാദിഖലി തങ്ങള്‍ക്ക് തുറന്ന കത്തുമായി വി ശിവന്‍കുട്ടി
മതേതര കേരളത്തെ ആശങ്കയിലാഴ്ത്തുന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാവി അജണ്ടകള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം അലംഭാവത്തോടെ കുടപിടിക്കുകയാണെന്ന് കത്തില്‍ അദ്ദേഹം ആരോപിക്കുന്നു.
കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ സമീപകാല തീരുമാനങ്ങള്‍ക്കെതിരെയും അതില്‍ മുസ്ലിം ലീഗ് നേതൃത്വം പുലര്‍ത്തുന്ന മൗനത്തിനെതിരെയും കടുത്ത വിമര്‍ശനവുമായി സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായ വി ശിവന്‍കുട്ടി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് അയച്ച തുറന്ന കത്തിലാണ് വി ശിവന്‍കുട്ടി രാഷ്ട്രീയ മണ്ഡലത്തില്‍ ചര്‍ച്ചയാകുന്ന പ്രസക്തമായ വിഷയങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മതേതര കേരളത്തെ ആശങ്കയിലാഴ്ത്തുന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാവി അജണ്ടകള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം അലംഭാവത്തോടെ കുടപിടിക്കുകയാണെന്ന് കത്തില്‍ അദ്ദേഹം ആരോപിക്കുന്നു.
സര്‍ക്കാര്‍ പണം മുടക്കി നിര്‍മിക്കുന്ന വീടുകളില്‍ ഒരു ഭരണകര്‍ത്താവിന്റെയും ചിത്രം പതിക്കരുതെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ബന്ധബുദ്ധി കാണിച്ച സ്ഥാനത്ത്, കേന്ദ്ര ഭവന പദ്ധതിയില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കാമെന്ന മന്ത്രി ഷാജിയുടെ പ്രസ്താവന മതേതര കേരളത്തിന് ഏല്‍പിച്ച പ്രഹരമാണെന്ന് ശിവന്‍കുട്ടി ചൂണ്ടിക്കാട്ടുന്നു. പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ലീഗ് മന്ത്രിമാര്‍ പച്ചക്കൊടി കാട്ടിയതും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തെയും കത്തില്‍ ശക്തമായി വിമര്‍ശിക്കുന്നു. ചന്ദ്രിക പത്രത്തില്‍ ലേഖനമെഴുതി ഇതിനെതിരെ പ്രതികരിക്കുന്നതിന് പകരം, മുഖ്യമന്ത്രിയെ വിളിച്ച് തീരുമാനം തിരുത്തിക്കാന്‍ തങ്ങള്‍ തയാറാകണമായിരുന്നു എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിച്ചതിന് പിന്നില്‍ വ്യക്തമായ സംഘപരിവാര്‍ രാഷ്ട്രീയമുണ്ടെന്ന് കത്തില്‍ ആരോപിക്കുന്നു. വോട്ടര്‍ പട്ടികയിലും തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ബിജെപിക്ക് അനായാസം ഇടപെടാന്‍ വഴിയൊരുക്കുന്നതാണ് ഈ നിയമനമെന്നും, അദ്ദേഹത്തിന്റെ മുന്‍കാല സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ ആരുടെ താല്പര്യപ്രകാരമാണ് മറച്ചുവെച്ചതെന്നും ശിവന്‍കുട്ടി ചോദിക്കുന്നു. 'ഈ തീരുമാനങ്ങള്‍ തിരുത്താന്‍ മുഖ്യമന്ത്രിയെ വിളിച്ച് കര്‍ശനമായ നിലപാട് സ്വീകരിക്കാനല്ലേ അങ്ങ് തയ്യാറാവേണ്ടിയിരുന്നത്? അത് ചെയ്യാന്‍ അങ്ങ് തയ്യാറല്ലെങ്കില്‍, മന്ത്രിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെടാനുള്ള ആര്‍ജ്ജവമെങ്കിലും ലീഗ് നേതൃത്വം കാണിക്കണ്ടേ?' - വി ശിവന്‍കുട്ടി കത്തിലെഴുതി. യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇത്തരം 'കാവി അജണ്ടകള്‍ക്കെതിരെ' മതേതര ജനാധിപത്യ വിശ്വാസികളെ അണിനിരത്തി സിപിഎം ശക്തമായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.
.jpg)

