'ചെറിയൊരു കുടുംബ വിഷയത്തെ പര്‍വതീകരിച്ച് ആഘോഷമാക്കരുത്'; ഭാര്യയെ തല്ലിയതിന്റെ പേരില്‍ കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ്

bjp leader

ചെറിയൊരു കുടുംബ വിഷയത്തെ പര്‍വതീകരിച്ച് അതിനെ ആഘോഷമാക്കി പ്രചരിപ്പിക്കുന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് ബിജെപിയുടെ തൃശൂര്‍ സൗത്ത് പ്രസിഡന്റ് ശ്രീകുമാര്‍ പറഞ്ഞു. 

 ഭാര്യയെ തല്ലിയതിന് കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് എ ആര്‍ ശ്രീകുമാര്‍. വ്യക്തിഹത്യയും അപകീര്‍ത്തി പ്രചാരണവും ജനാധിപത്യത്തിന് യോജിച്ചതല്ലെന്നാണ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ചെറിയൊരു കുടുംബ വിഷയത്തെ പര്‍വതീകരിച്ച് അതിനെ ആഘോഷമാക്കി പ്രചരിപ്പിക്കുന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് ബിജെപിയുടെ തൃശൂര്‍ സൗത്ത് പ്രസിഡന്റ് ശ്രീകുമാര്‍ പറഞ്ഞു. 

പത്ര ദൃശ്യ മാധ്യമ രംഗങ്ങളിലും രാഷ്ട്രീയ മേഖലയിലും പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തികളുടെ ജീവിതത്തില്‍ കുടുംബപരമായ പ്രശ്‌നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്. എന്നാല്‍ ഇത്തരം വിഷയങ്ങളെ മനുഷ്യസ്നേഹവും സാമാന്യ മര്യാദയും മറന്ന് വ്യക്തിഹത്യയ്ക്കും സാമൂഹിക അധിക്ഷേപത്തിനും ആയുധമാക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഒരു വ്യക്തിയെയോ കുടുംബത്തെയോ ലക്ഷ്യമിട്ട് അസത്യ പ്രചാരണങ്ങളും അധിക്ഷേപങ്ങളും നടത്തി പൊതുസമൂഹത്തില്‍ അവഹേളിക്കാനുള്ള ശ്രമങ്ങള്‍ ആരോഗ്യകരമായ രാഷ്ട്രീയ സംസ്‌കാരത്തിന് നിരക്കുന്നതല്ല. എതിരാളികളെ ആശയപരമായി നേരിടുന്നതിന് പകരം വ്യക്തിപരമായ വിഷയങ്ങള്‍ വലിച്ചിഴച്ച് അപമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണം. രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ വ്യക്തികളുടെ അന്തസ്സിനെയും കുടുംബങ്ങളുടെ സ്വകാര്യതയെയും ഹനിക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്നും പൊതുസമൂഹം ഇത്തരം വിഷലിപ്തമായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും എ ആര്‍ ശ്രീകുമാര്‍ ആവശ്യപ്പെട്ടു.

തന്നെ മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയിലാണ് ശ്രീകുമാറിനെതിരെ കേസെടുത്തത്. എന്തുകൊണ്ട് വീട്ടില്‍ എത്താന്‍ വൈകി എന്ന് ചോദിച്ച് ജൂണ്‍ 9ന് രാത്രി 7.30ന് ശ്രീകുമാര്‍ മര്‍ദിച്ചെന്നാണ് ഭാര്യയുടെ പരാതി. തോന്നുന്ന സമയത്ത് വരാന്‍ ഇത് സത്രമാണോ എന്ന് ചോദിച്ച് മുഖത്തടിച്ചെന്നും മുടിയില്‍ കുത്തിപ്പിടിച്ചെന്നും തല ഭിത്തിയില്‍ ഇടിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. ആ സമയത്ത് ഭിത്തിയില്‍ കൈവച്ചതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നെന്നും പരാതിയില്‍ പറയുന്നു.

Tags