ആരോഗ്യമേഖലയില്‍ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കും : മന്ത്രി പി രാജീവ്

google news
sss


തിരുവനന്തപുരം:  ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിച്ചും അത്യാധുനിക മെഡിക്കല്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചും കേരളത്തിന്റെ ആരോഗ്യ പരിരക്ഷാ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ലൈഫ് സയന്‍സ് മേഖലയിലെ വിദഗ്ധരേയും സ്ഥാപനങ്ങളേയും പങ്കെടുപ്പിച്ച് കെഎസ്ഐഡിസി സംഘടിപ്പിക്കുന്ന 'ബയോ കണക്ട് കേരള 2023' ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വ്യവസായമേഖലയില്‍ അത്യാധുനിക സാങ്കേതികത വികസിപ്പിക്കാന്‍ പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കും. പ്രവര്‍ത്തനക്ഷമമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിച്ചും മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണത്തിലും രോഗനിര്‍ണയ മികവിലും കേരളത്തെ കേന്ദ്രസ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ പ്രകൃതിവിഭവങ്ങളുടെ സമ്പന്നത ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന് അനുയോജ്യമാണ്. ഇതിന്റെ പ്രയോജനം സമൂഹത്തിന്റെ എല്ലാ തട്ടിലും ലഭിക്കുംവിധം ഈ മേഖലയെ പരിപോഷിപ്പിക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യപരിരക്ഷാരംഗത്തെ വ്യാവസായിക സാധ്യതകള്‍ പ്രയോജനപ്പെടുത്താനുതകുന്ന വ്യാവസായിക നയത്തിനാണ് സര്‍ക്കാര്‍ രൂപംകൊടുത്തിട്ടുള്ളത്. ഗവേഷണ-വികസനങ്ങള്‍ക്കൊപ്പം പാഠ്യ- വ്യവസായ മേഖലകളുടെ സഹകരണത്തേയും പ്രോത്സാഹിപ്പിക്കുകയും നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്യുന്ന വ്യവസായിക ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വ്യാവസായിക വളര്‍ച്ച സുഗമമാക്കുന്നതില്‍ അടിസ്ഥാനസൗകര്യവികസനത്തിന്റെയും ആധുനികവല്‍ക്കരണത്തിന്റെയും പങ്ക് തിരിച്ചറിഞ്ഞ്, നിക്ഷേപക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും കേരളത്തില്‍ ഇന്ന് മൂലധന സമാഹരണം എളുപ്പത്തില്‍ നടത്താം. വിവിധ ഗവേഷണ സ്ഥാപനങ്ങളുടേയും ശാസ്ത്ര സാങ്കേതിക അക്കാദമികളുടേയും ബയോടെക്‌നോളജി, നാനോ-ടെക്‌നോളജി, ലൈഫ് സയന്‍സസ് മേഖലകളിലെ കമ്പനികളുടേയും സഹകരണ കേന്ദ്രമാണ് കെഎസ്ഐഡിസി ആരംഭിച്ച ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്ക്. ഇന്‍കുബേഷന്‍ സെന്റര്‍, ടെക്നോളജി ഡെവലപ്മെന്റ് സെന്റര്‍ ഉള്‍പ്പെടെ വ്യവസായത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യം ലഭ്യമാക്കുകയാണ് പാര്‍ക്കിന്റെ ലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, കെഎസ്‌ഐഡിസി ചെയര്‍മാന്‍ പോള്‍ ആന്റണി, ഡിഎസ്ടി മുന്‍ സെക്രട്ടറി പ്രൊഫ. ടി. രാമസ്വാമി, എയിംസ് ബയോടെക്‌നോളജിസ്റ്റ് പ്രൊഫ. ടി.പി സിങ്, കേരള ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക് ഡയറക്ടര്‍ ഡോ.സി.എന്‍ രാംചന്ദ് എന്നിവര്‍ സംസാരിച്ചു.

ലൈഫ് സയന്‍സ് മേഖലയിലെ വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവര്‍ക്കൊപ്പം ഈ മേഖലയിലെ മുന്‍നിര കമ്പനികള്‍, ഗവേഷണ-വികസന സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ ഉള്‍പ്പടെ 300 പ്രതിനിധികളാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. ഈ രംഗത്തെ നൂതന സാങ്കേതികവിദ്യകളും സേവനങ്ങളും ഉല്‍പന്നങ്ങളും പരിചയപ്പെടുത്തുന്ന 45 സ്റ്റാളുകളും കോണ്‍ക്ലേവില്‍ ഒരുക്കിയിട്ടുണ്ട്. ലൈഫ് സയന്‍സ് പാര്‍ക്കിനെ മുന്‍നിര്‍ത്തി ഗവേഷണ-വികസന മേഖലയിലും ഉത്പാദന മേഖലയിലും നിക്ഷേപം ആര്‍ജിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. കോണ്‍ക്ലേവ് നാളെ (മെയ് 26) സമാപിക്കും.

Tags