സംസ്ഥാനത്ത് ഗാർഹിക പാചകവാതക ക്ഷാമം രൂക്ഷമാകുന്നു
കൊച്ചി: സംസ്ഥാനത്ത് ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമാകുന്നു. എണ്ണക്കമ്പനികൾ വിതരണം ഗണ്യമായി കുറച്ചതോടെ ഉപഭോക്താക്കൾ കടുത്ത പ്രതിസന്ധിയിലായതായി ഗ്യാസ് ഏജൻസികൾ അറിയിച്ചു. ആവശ്യത്തിന് സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ ബുക്ക് ചെയ്തിട്ടും ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് പല സ്ഥലങ്ങളിലും. മുൻപ് ദിവസേന രണ്ടു ലോഡ് സിലിണ്ടറുകൾ ലഭിച്ചിരുന്ന ഏജൻസികൾക്ക് ഇപ്പോൾ ഒരു ലോഡ് മാത്രമാണ് അനുവദിക്കുന്നത്. ഒരു ലോഡിൽ ഏകദേശം 40 സിലിണ്ടറുകൾ മാത്രമേ വിതരണം ചെയ്യാനാകൂ. എന്നാൽ ദിവസേന നൂറിലധികം ബുക്കിങ്ങുകൾ ലഭിക്കുന്ന സാഹചര്യത്തിൽ ആവശ്യത്തിനൊത്ത വിതരണം സാധ്യമാകുന്നില്ലെന്നാണ് ഏജൻസി ഉടമകൾ പറയുന്നത്.
സിലിണ്ടർ ബുക്ക് ചെയ്യുന്നതിനും എണ്ണക്കമ്പനികൾ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. 28 ദിവസത്തെ ഇടവേളയ്ക്ക് ശേഷമേ വീണ്ടും ബുക്കിങ് അനുവദിക്കൂ. കൂടാതെ കഴിഞ്ഞ മൂന്നുമാസമായി പുതിയ ഗ്യാസ് കണക്ഷനുകളും അനുവദിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പെട്രോൾ പമ്പുകൾ വഴി ലഭിച്ചിരുന്ന അഞ്ചുകിലോ 'ഛോട്ടു' ഗ്യാസ് സിലിണ്ടറുകളുടെ വിതരണവും മിക്ക മേഖലകളിലും നിർത്തിവച്ചിരിക്കുകയാണ്. ഇതിനിടെ വാണിജ്യ സിലിണ്ടറുകളുടെ വിലവർധനവ് കാരണം നിരവധി ഹോട്ടലുകൾ ഇതിനോടകം സാമ്പത്തിക പ്രതിസന്ധിയിലാണ്. ഗാർഹിക സിലിണ്ടറുകളുടെ ക്ഷാമവും ശക്തമായതോടെ സാധാരണ കുടുംബങ്ങളുടെ അടുക്കള പ്രവർത്തനവും ആശങ്കയിലായി.
.jpg)

