തൃശ്ശൂരിൽ തെരുവ് നായയുടെ ആക്രമണം: ഒമ്പത് പേര്‍ക്ക് കടിയേറ്റു

തൃശൂര്‍: ഒല്ലൂര്‍ തൈക്കാട്ടുശേരി, കാട്ടുകുഴി, പി.ആര്‍. പടി ഭാഗങ്ങളിലായി തെരുവ് നായ ഒമ്പത് പേരെ കടിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് നായയെ തല്ലിക്കൊന്നു. നായയ്ക്ക് പേവിഷബാധയുള്ളതായി സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ നായ കാട്ടുകുഴി പ്രദേശങ്ങളില്‍ അലഞ്ഞ് തിരിയുകയായിരുന്നു. രാവിലെ 11ഓടെയാണ് തൈക്കാട്ടുശേരി പാറയില്‍ രാമക്യഷ്ണനെ (60) കടിച്ചത്. ഉടനെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ഒല്ലൂരിലെ ആക്ട്‌സ് പ്രവര്‍ത്തകര്‍ ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പിന്നീട് 12ഓടെ നായ പി.ആര്‍. പടിയില്‍ വച്ച് കളപ്പുര പൊട്ടനാട്ട് കൃഷ്ണന്‍നായരെ (82) കടിച്ചു. ഇയാളെയും ആക്ട്‌സ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതോടെ നായയെ നാട്ടുകാര്‍ ചേര്‍ന്ന് ഓടിച്ചു. നായ തിരിച്ച് തൈക്കാട്ടുശേരി കാട്ടുകുഴിയില്‍ എത്തി കുട്ടികളായ ഈഷാനി (3), ഹ്യദ്യ (3), എലോറ (4), ശ്രീഹരി (5) എന്നിവരെയും വെളുത്തേടത്ത് ഗിരിജ (55), തൈക്കാട്ടുശേരിയില്‍ പണിക്ക് എത്തിയ പുത്തന്‍ചിറ സ്വദേശി സുഭാഷ്, കുന്നംകുളം സ്വദേശി പ്രിന്‍സ്, എന്നിവരെയും കടിച്ചതായി കൗണ്‍സിലര്‍ സി.പി. പോളി പറഞ്ഞു. ഇതോടെ നായയെ നാട്ടുകാര്‍ ചേര്‍ന്ന് കൊല്ലുകയായിരുന്നു. നായയ്ക്ക് പേ വിഷബാധയുള്ളതായാണ് സംശയിക്കുന്നത്.
കടിയേറ്റവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഈ പ്രദേശത്തെ മറ്റു നായ്ക്കളെയും ഒരു പൂച്ചയേയും നായ കടിച്ചിട്ടുള്ളതായും നാട്ടുകാര്‍ പറയുന്നു.