ജെൻസി കൂട്ടായ്മ ഇതൊന്നും അറിയുന്നില്ലേ ..? പിഎസ്സി ക്രമക്കേടിൽ രൂക്ഷവിമർശനവുമായി സംവിധായകൻ വിനയൻ
തിരുവനന്തപുരം: പിഎസ്സി ക്രമക്കേടുകൾക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ വിനയൻ. എൽപി സ്കൂൾ ടീച്ചേഴ്സ് റാങ്ക് ലിസ്റ്റിലുള്ള വളർമതി എന്ന ഉദ്യോഗാർഥിയുടെ കണ്ണീരണിഞ്ഞ ചിത്രം പങ്കുവെച്ചാണ് ഫെയ്സ്ബുക്കിലൂടെ വിനയൻ പ്രതികരിച്ചത്. പ്രധാനമന്ത്രിയേക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ശുപാർശ ചെയ്ത മുൻ ഗവർണറെ അഭിനന്ദിച്ച അദ്ദേഹം, സ്വന്തക്കാരെ ഉയർന്ന തസ്തികകളിൽ നിയമിക്കാൻ ക്രമക്കേട് നടത്തിയവർ നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ ജനകീയ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം അനീതികൾക്കെതിരെ യുവതലമുറയും ജനറേഷൻ സെഡും (Gen Z) ശക്തമായി പ്രതികരിക്കണമെന്നും വിനയൻ കുറിപ്പിൽ വ്യക്തമാക്കി.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മനോരമ പത്രത്തിൽ ഈ ഫോട്ടോ കണ്ടപ്പോൾ നമ്മുടെ പി എസ്സ് സി സംവിധാനത്തെ പറ്റി ഇപ്പോൾ കേൾക്കുന്ന നിരവധി ഞെട്ടിക്കുന്ന കഥകളാണ് മനസ്സിലേക്ക് ഓടി വന്നത്..
എൽ പി സ്കൂള് ടീച്ചേഴ്സ് റാങ്ക് ലിസ്റ്റിലുള്ള വളർമതി എന്ന യുവതിയുടെ കണ്ണീരണിഞ്ഞ ഈ മുഖം കാണുന്നതിന്റെ വിഷമത്തോടൊപ്പം പി എസ് സി എന്ന സംവിധാനത്തിൽ നടക്കുന്ന കുംഭകോണമാണ് മനസ്സിൽ രോഷാഗ്നി പടർത്തുന്നത്..
ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ ഒരു ലക്ഷം രൂപ ശമ്പളം കൂടുതൽ വാങ്ങുന്ന കേരളത്തിലെ പി എസ് സി ചെയർമാനും അംഗങ്ങളും കാണിച്ച അഴിമതിയുടേം വൃത്തികേടിന്റേം പേരിൽ അവരെ പുത്താക്കണമെന്ന് രാഷ്ട്രതിയോടു ശുപാർശ ചെയ്ത മുൻ കേരള ഗവർണ്ണറെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു..
പാവപ്പെട്ട ഉദ്യോഗാർത്ഥികളുടെ പരീക്ഷകളിൽ ക്രമക്കേടു കാണിച്ച് തങ്ങൾക്കിഷ്ടമുള്ളവരെ വലിയ പദവിയുള്ള ഉദ്യോഗങ്ങളിൽ പോലും നിയമിക്കാനുള്ള ക്രിമിനൽ നീക്കത്തിനു ചുക്കാൻ പിടിച്ചവർ നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാൻ ശ്രമിച്ചാൽ അവരെ ജനകീയ വിചാരണ നടത്തി ശിക്ഷിക്കണം എന്നാണെന്റെ അഭിപ്രായം…
അനീതിക്കെതിരെ വലിയ ആത്മരോഷം പ്രകടിപ്പിക്കുന്ന നമ്മുടെ ജെൻസി കൂട്ടായ്മ അറിഞ്ഞില്ലേ ഈ നീചമായ അനീതികൾ…
.jpg)


