'മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ? ഭക്ഷണം കഴിക്കുന്നത് എങ്ങനെ തെറ്റാകും?'; വിരുന്നിനെ ന്യായീകരിച്ച് എംഎല്‍എ

mla

ചിത്രങ്ങള്‍ ഈ രീതിയില്‍ പ്രചരിപ്പിക്കേണ്ട കാര്യം ഇല്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി വിരുന്നില്‍ പങ്കെടുത്ത സംഭവത്തെ ന്യായീകരിച്ച് കെ പി നൗഷാദ് അലി എം.എല്‍.എ. മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാന്‍ പാടില്ലെന്നോ ഉച്ചഭക്ഷണം കഴിക്കാന്‍ പാടില്ലെന്നോ ഇല്ലല്ലോ എന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. അതിന്റെ ചിത്രങ്ങള്‍ ഈ രീതിയില്‍ പ്രചരിപ്പിക്കേണ്ട കാര്യം ഇല്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ ഉദ്ദേശിക്കുന്നത്? മുതിര്‍ന്ന സഹപ്രവര്‍ത്തകനായ സി. ഹരിദാസിനെ കാണാന്‍ എത്തിയതാണ്. അതിന്റെ ഭാഗമായി യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹിയുടെ വീട്ടില്‍ ഉച്ച ഭക്ഷണം വെച്ചു. ഭക്ഷണം കഴിക്കുന്നത് അനൗചിത്യം ആകുന്നതെങ്ങനെയാണ്? ഇത് രാഷ്ട്രീയമാണെന്നും വിഷയം വഴി തിരിച്ച് വിടുകയാണെന്നും നൗഷാദ് അലി ചൂണ്ടിക്കാട്ടി. അങ്ങനെ എങ്കില്‍ പതിറ്റാണ്ടുകളായി പൊന്നാനിയില്‍ സിപിഎം എംഎല്‍എ ആയിരുന്നു. കഴിഞ്ഞ 10 വര്‍ഷം സംസ്ഥാനം ഭരിച്ചത് അവരാണ്. രാഷ്ട്രീയം പറഞ്ഞാല്‍ തിരിച്ചും രാഷ്ട്രീയം പറയുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.


പൊന്നാനിയിലെ കടലാക്രമണം സംബന്ധിച്ച വിഷയത്തിലും എംഎല്‍എ പ്രതികരിച്ചു. എല്ലാ വര്‍ഷവും 50ഓളം മീറ്റര്‍ തീരം കടല്‍ എടുക്കുന്നു. കാപ്പിരിക്കാട് മുതല്‍ അഴീക്കല്‍ വരെ പത്തര കിലോമീറ്റര്‍ ആണ് പൊന്നാനി മണ്ഡലത്തിലേ തീരദേശം. ഒരു കിലോമീറ്ററില്‍ താഴേ മാത്രമാണ് ഇപ്പോള്‍ കടല്‍ ഭിത്തി ഉള്ളത്. ബജറ്റില്‍ 3 കോടി വകയിരുത്തുകയും ബാക്കി തുക നബാര്‍ഡില്‍ നിന്ന് ഉള്‍പ്പെടെ കടം എടുക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ഡിപിആര്‍ പ്രവര്‍ത്തി നടന്നു വരുന്നു. അതിന് 2-3 വര്‍ഷം എടുക്കും. പക്ഷെ അത് വരെ കാത്തിരിക്കാന്‍ സാധിക്കില്ല. പെട്ടെന്നുള്ള പരിഹാരം ആണ് ആവശ്യം. കമ്പനികളില്‍ നിന്ന് സിഎസ്ആര്‍ ഫണ്ട് തേടുന്നുണ്ട്. കടല്‍ ക്ഷോഭം രൂക്ഷമായ സ്ഥലത്ത് ഒരു മാസത്തിനകത്ത് കടല്‍ ഭിത്തി നിര്‍മിക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. പ്രശ്‌ന ബാധിതരെ വാടക വീട്ടില്‍ ആക്കാനും മുന്‍കൈ എടുക്കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.

Tags