ഡോക്‌ടറെ മർദിച്ച കേസ്: പീഡന വിവരം ഒത്തുതീർപ്പാക്കാൻ ഒരു കോടി വാഗ്ദാനം ചെയ്‌തെന്ന് നടി അതുല്യ ചന്ദ്ര; ഫോൺ പിടിച്ചെടുത്തത് തെളിവ് നശിപ്പിക്കാതിരിക്കാൻ

Doctor assault case: Actress Athulya Chandra says she was offered Rs 1 crore to settle the harassment case; phone seized to prevent evidence from being destroyed

കൊച്ചി: ഡോക്‌ടർ ജോൺസൺ കെ. വർഗീസിനെതിരായ പീഡന പരാതി ഒത്തുതീർപ്പാക്കാൻ തങ്ങൾക്ക് ഒരു കോടി രൂപ വാഗ്ദാനം നൽകിയിരുന്നെന്നും എന്നാൽ അത് നിരസിച്ചതാണ് മർദന പരാതി നൽകാൻ കാരണമെന്നും പൊലീസിന് നൽകിയ മൊഴിയിൽ നടി അതുല്യ ചന്ദ്ര. തെളിവുകൾ നശിപ്പിക്കുന്നത് തടയാനും പരാതിക്കാരിയായ ബന്ധു വഴി ഫോൺ പൊലീസിന് കൈമാറാനുമാണ് ഡോക്റ്ററുടെ ഫോൺ പിടിച്ചെടുത്തതെന്നും അതുല്യ വ്യക്തമാക്കി.തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയ ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഈ കാര്യങ്ങൾ വ്യക്തമായത്. കേസിൽ യുവനടി അതുല്യ ചന്ദ്ര, മറ്റ് പ്രതികളായ നടൻ ബിബിൻ പെരുമ്പിള്ളി, സുഹൃത്ത് കെ.ബി. വിഷ്ണു എന്നിവരെ ഡോക്‌ടറെ മർദിച്ച പൊന്നുരുന്നിയിലെ ഫ്ലാറ്റിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും.

ചികിത്സയ്‌ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ആക്രമിച്ചുവെന്നാണ് ഡോക്‌ടറുടെ പരാതി. ഈ കേസിൽ അതുല്യ ഉൾപ്പെടെ 12 പ്രതികളാണുള്ളത്. മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നെന്ന പരാതിയിൽ കൊച്ചി കടവന്ത്ര പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, നടിയുടെ ബന്ധു നൽകിയ പീഡന പരാതിയിൽ ഡോക്‌ടർ ജോൺസൺ കെ. വർഗീസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഒളിവിലുള്ള ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇതിനിടെ, ഡോക്‌ടർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

Tags