ദീപാവലി ആഘോഷം ; ട്രെയിനുകളിൽ പടക്കങ്ങൾക്ക് കർശന വിലക്ക്
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രെയിനുകളിൽ പടക്കങ്ങളും സ്ഫോടക വസ്തുക്കളും കടത്തുന്നത് തടയാൻ കർശന നടപടിയുമായി റെയിൽവേ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തീവണ്ടികൾ വഴി പടക്കം എത്തിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പാലക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരിക്കുന്നത്. പടക്കങ്ങൾക്ക് പുറമെ പെട്ടെന്ന് തീപിടിക്കുന്ന മറ്റ് അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്നതിനും പൂർണ്ണവിലക്കുണ്ട്. ഗ്യാസ് സിലിൻഡർ, പെട്രോൾ, ഡീസൽ, മണ്ണെണ്ണ, സ്റ്റൗ, തീപ്പെട്ടി, സിഗരറ്റ് ലൈറ്റർ തുടങ്ങിയ സാധനങ്ങളും ട്രെയിനുകളിൽ യാത്രാവേളയിൽ കൈവശം വെക്കാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
റെയിൽവേ നിയമപ്രകാരം ഇത്തരം അപകടകരമായ വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോകുന്നത് കുറ്റകരമാണ്. ഇത് കണ്ടെത്തിയാൽ 1,000 രൂപ പിഴയോ മൂന്നുവർഷം വരെ തടവുശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ഗൗരവമേറിയ കുറ്റമാണിത്. നിയമലംഘനങ്ങൾ കണ്ടെത്താൻ പാലക്കാട് ഡിവിഷനിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലും തീവണ്ടികളിലും ആർ.പി.എഫ്, ജി.ആർ.പി, ടിക്കറ്റ് പരിശോധകർ എന്നിവരുടെ നേതൃത്വത്തിൽ കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം വസ്തുക്കൾ ട്രെയിനിൽ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ 139 എന്ന റെയിൽവേ സഹായനമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
.jpg)

