വാടാനപ്പള്ളിയിൽ കിറ്റ് വിതരണം ചെയ്യാൻ ശ്രമിച്ച സംഭവം ; കേസെടുത്ത് പോലീസ്
തൃശ്ശൂർ : വാടാനപ്പള്ളിയിൽ കിറ്റ് വിതരണം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയെത്തുടർന്ന് വാടാനപ്പള്ളി പോലീസാണ് നടപടി സ്വീകരിച്ചത്. ഗോഡൗൺ ഉടമയ്ക്കും കിറ്റുകൾക്ക് ഓർഡർ നൽകിയ വ്യക്തിക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കിറ്റുകളും പണവും വിതരണം ചെയ്യുന്നു എന്ന് ആരോപിച്ച് യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയതോടെയാണ് വാടാനപ്പള്ളി സംഘർഷഭരിതമായത്. കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും ബിജെപിയെ സഹായിക്കുകയാണെന്നും മണലൂർ മണ്ഡലത്തിൽ ബിജെപി വൻതോതിൽ പണമൊഴുക്കുന്നുണ്ടെന്നും ടി.എൻ. പ്രതാപൻ ആരോപിച്ചു. കേരളത്തിലേക്ക് ബിജെപി വൻതോതിൽ കള്ളപ്പണം എത്തിക്കുകയാണെന്ന് മുൻ എംഎൽഎ വി.എസ്. സുനിൽകുമാർ കുറ്റപ്പെടുത്തി. ആരോപണങ്ങളിൽ സത്യമില്ലെന്നും കേസെടുക്കാൻ സാധിക്കുമെങ്കിൽ തെളിയിക്കൂ എന്നും സുരേഷ് ഗോപി വെല്ലുവിളിച്ചിരുന്നു.
.jpg)


