മദ്യലഹരിയില്‍ തര്‍ക്കം ; യുവാവിനെ സുഹൃത്തുക്കള്‍ ഓടുന്ന ബൈക്കില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊന്നു
കൊലപാതകത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ എഴുപുന്നയില്‍ യുവാവിനെ സുഹൃത്തുക്കള്‍ ഓടുന്ന ബൈക്കില്‍ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു. കുമ്പളങ്ങി സ്വദേശിയായ മുപ്പതുകാരന്‍ നിധിന്‍ കൃഷ്ണന്‍ ആണ് മരിച്ചത്. മദ്യലഹരിയില്‍ യുവാക്കള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം. കൊലപാതകത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അരൂര്‍ എഴുപുന്നയിലെ പാലസ് ബാറില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കാന്‍ എത്തിയതാണ് നിധിന്‍. കൂട്ടുകാര്‍ മടങ്ങിയ ശേഷവും നിധിന്‍ ബാറില്‍ തുടര്‍ന്നു. ഇതിനിടെ വാതില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. ബാറിന് അകത്ത് വച്ചുണ്ടായ തര്‍ക്കം പുറത്തേക്കും നീണ്ടു. ബൈക്കില്‍ മടങ്ങാന്‍ തുടങ്ങവേ നിധിന് നേരെ വീണ്ടും പ്രതികളുടെ മര്‍ദനമുണ്ടായി. പിന്നാലെ ബൈക്കില്‍ നിന്ന് വലിച്ചു താഴെ ഇട്ടു.
മര്‍ദനമേറ്റ നിധിന്റെ ബോധം നഷ്ടമായി. ഏറെ നേരമായിട്ടും നിധിനെ കാണാതായതോടെ കൂട്ടുകാര്‍ തിരഞ്ഞെത്തി. കണ്ടത് ബോധ രഹിതനായി കിടക്കുന്ന നിധിനെ. പൊലീസിനെ വിവരമറിയിച്ച് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബാറിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലിസ് പ്രതികളെ തിരിച്ചറിഞ്ഞത്. കോടംതുരുത്ത് സ്വദേശി അനില്‍ , വട്ടേക്കാട് സ്വദേശി വി എസ് ജിത്തു മോന്‍, വൈപ്പിന്‍ സ്വദേശി ചേരി ജിബിന്‍, ജിനു ഷാജി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
.jpg)


