അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിന തടവ് ശിക്ഷ, 30.84 ലക്ഷം രൂപ പിഴ

d

30. 84 ലക്ഷം രൂപ പിഴ ഒടുക്കുകയും വേണം. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ട് മാസം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കണം

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സംസ്ഥാന പൊലീസ് ഉപമേധാവിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കോട്ടയം വിജിലന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച വിധി പറഞ്ഞത്.

30. 84 ലക്ഷം രൂപ പിഴ ഒടുക്കുകയും വേണം. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ട് മാസം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പ്രതി ഔദ്യോഗിക പദവി ഉപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാതിച്ചത് ഗൗരവമായാണ് കോടതി നിരീക്ഷിച്ചത്.തച്ചങ്കരിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജിയിലിലേക്ക് മാറ്റും. സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണെന്നും ശിക്ഷാ ഇളവ് അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു,

കേസില്‍ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് തച്ചങ്കരി മറുപടി നല്‍കി.

2013ലാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റ പശ്ചാത്തലത്തിലാണ് വിജിലന്‍സ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. 2003 മുതല്‍ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവില്‍ 64 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു കേസ്.

13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായക വിധി പുറത്തു വരുന്നത്.വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 64.70 ലക്ഷം രൂപയുടെ ചെലവ് കണ്ടെത്തിയെങ്കിലും അതിന്റെ വരവ് ബോധ്യപ്പെടുത്താന്‍ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. ബുധനാഴ്ചയാണ് കേസില്‍ വിചാരണ പൂര്‍ത്തീകരിച്ചത്.

ആഭ്യന്തരവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറിയെ അടക്കം കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മുന്‍ അഡിഷണല്‍ ഡിജിപി ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പ്രതിഭാഗം സാക്ഷികളാക്കിയും വിസ്തരിച്ചിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ് പിന്നീട് കോട്ടയത്തേക്ക് മാറ്റുകയായിരുന്നു. കോട്ടയം എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജ് ( വിജിലന്‍സ്) കെ വി രജനീഷ് ആണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ കെ ശ്രീകാന്ത് ഹാജരായി.

Tags