ബലാത്സംഗക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ വെറുതേ വിട്ടു; കള്ളക്കേസിന് പിന്നിൽ ഗീതു മോഹൻദാസിന്റെ ഈഗോയെന്ന് ആരോപണം

Director Liju Krishna acquitted in rape case; Geethu Mohandas' ego is alleged to be behind the false case

കൊച്ചി: ബലാത്സംഗക്കേസിൽ 'പടവെട്ട്' സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയെ എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതേ വിട്ടു. പ്രോസിക്യൂഷന് ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി. വൈകിയാണെങ്കിലും നീതി ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും കലാകാരൻ എന്ന നിലയിൽ തനിക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട വർഷങ്ങളാണെന്നും ലിജു കൃഷ്ണ പ്രതികരിച്ചു. കള്ളക്കേസിന് പിന്നിൽ സംവിധായിക ഗീതു മോഹൻദാസിന്റെ ഈഗോയാണെന്നും അദ്ദേഹം ഗുരുതര ആരോപണം ഉന്നയിച്ചു.

2020-ൽ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്ന കൊച്ചി സ്വദേശിനിയുടെ പരാതിയിൽ 2022-ലാണ് ഇൻഫോപാർക്ക് പൊലീസ് ലിജുവിനെതിരെ കേസെടുത്തത്. നിവിൻ പോളിയെ നായകനാക്കി ലിജു തിരക്കഥയും സംവിധാനവും നിർവഹിച്ച ആദ്യ ചിത്രമായ 'പടവെട്ടി'ന്റെ കണ്ണൂരിലെ ലൊക്കേഷനിൽ നിന്നായിരുന്നു അന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി താനും കുടുംബവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും മാതാപിതാക്കൾ ഏറെ വിഷമിച്ചിരുന്നുവെന്നും തനിക്ക് ജോലി ചെയ്യാൻ പോലും സാധിച്ചിരുന്നില്ലെന്നും ലിജു മാധ്യമങ്ങളോട് പറഞ്ഞു.

പടവെട്ട് സിനിമയുടെ തുടക്കത്തിൽ ഗീതു മോഹൻദാസുമായി ചില വിഷയങ്ങളിൽ അഭിപ്രായഭിന്നതയും തർക്കവും ഉണ്ടായിരുന്നുവെന്ന് ലിജു വെളിപ്പെടുത്തി. ഇതിൽ നിന്നുണ്ടായ ഈഗോയുടെ പുറത്താണ് ഇത്തരമൊരു കള്ളക്കേസ് ചമച്ചതെന്നും കേസിൽ ഗീതുവിന്റെ ഇടപെടൽ കോടതിക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. താൻ അറസ്റ്റിലായതിന് പിന്നാലെ സിനിമയുടെ റിലീസ് തടയണമെന്നും തന്റെ പേര് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾക്ക് ഫോൺ കോളുകളും ഇമെയിലുകളും പോയിരുന്നു. ഡബ്ല്യുസിസി (WCC) എന്ന സംഘടനയുടെ ഭാഗമായി നിന്നുകൊണ്ട് അതിനെ ദുരുപയോഗം ചെയ്യുകയായിരുന്നു ഗീതു മോഹൻദാസെന്നും, യഥാർത്ഥത്തിൽ ഇരകളാക്കപ്പെടുന്ന പെൺകുട്ടികളുടെ പോരാട്ടത്തിന് ഇത്തരം വ്യാജ കേസുകൾ വിലങ്ങുതടിയാകുമെന്നതിനാലാണ് ഇപ്പോൾ തുറന്നുപറച്ചിൽ നടത്തുന്നതെന്നും ലിജു കൃഷ്ണ കൂട്ടിച്ചേർത്തു.

Tags