നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോഗ്യനില മോശമായി തുടരുന്നു

google news
director Balachandra Kumar

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാറിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ചികിത്സയില്‍ കഴിയുന്ന ബാലചന്ദ്രകുമാറിന് ഗുരുതരമായ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ബാലചന്ദ്രകുമാര്‍. കേസിന്റെ വിസ്താരത്തിന് ഇടയില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിന് തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. 

ഇരു വൃക്കകളും സ്തംഭിച്ചതോടെ ആഴ്ചയില്‍ രണ്ടു ദിവസം ബാലചന്ദ്രകുമാര്‍ ഡയാലിസിസിന് വിധേയനായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ ദിവസം ഡയാലിസിസ് തടസപ്പെട്ടിരിക്കുകയാണ്.
കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് ബാലചന്ദ്രകുമാറിന്റെ രോഗം മൂര്‍ച്ഛിച്ചത്. കഴിഞ്ഞ 30 ദിവസമായി പ്രതി ഭാഗമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിക്കുന്നത്. ബാലചന്ദ്രകുമാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് കേസിന്റെ വിചാരണയെ ബാധിച്ചേക്കും. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വൃക്ക രോഗബാധയെ തുടര്‍ന്ന് ചികിത്സയിലാണ് ബാലചന്ദ്രകുമാര്‍. 

ആരോഗ്യസ്ഥിതി മോശമായതോടെ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ബാലചന്ദ്രകുമാറിനായി ചികിത്സാ സഹായം തേടുന്നുണ്ട്.

Tags