നടി ആക്രമിക്കപ്പെട്ട കേസ് ; ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അതിജീവിത ഹൈക്കോടതിയിൽ അപ്പീൽ നൽകും
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രധാന പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ അതിജീവിത ഹൈക്കോടതിയിൽ അപ്പീൽ നൽകും. കേസിൽ ദിലീപിനെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നേരത്തെ തന്നെ അപ്പീൽ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അതിജീവിതയും നേരിട്ട് അപ്പീൽ നൽകുന്നത്. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവർ ഹൈക്കോടതിയിൽ അതിജീവിതയ്ക്കായി ഹാജരാകും. അഡ്വ. ഭദ്രകുമാരി, അഡ്വ. ജെ. സന്ധ്യ എന്നിവരടങ്ങുന്ന നിയമ സംഘവും ഇവർക്കൊപ്പമുണ്ടാകും. അതിജീവിതയുടെ തീരുമാനത്തിന് പിന്തുണയുമായി വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും രംഗത്തെത്തിയിട്ടുണ്ട്.
നീതിക്കായുള്ള നമ്മുടെ സഹപ്രവർത്തകയുടെ തുടർച്ചയായ പോരാട്ടത്തിന് പിന്തുണ നൽകുകയും ധനസഹായം സമാഹരിക്കുകയും ചെയ്യുന്നതിനായി സമാനമനസ്ക്കരായ വ്യക്തികൾ ഒന്നിച്ചുകൂടിയിരിക്കുകയാണ്. ഡബ്ല്യുസിസിഎപ്പോഴും അതിജീവിതയ്‌ക്കൊപ്പം നിന്നിട്ടുണ്ടെന്നും നീതി ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും തുടർന്നും പിന്തുണ നൽകുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അതിജീവിതയുടെ നിയമപോരാട്ടത്തിന് സാമ്പത്തികവും നിയമപരവുമായ പിന്തുണ നൽകുന്നതിനായി 'അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്' എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായി രജിസ്റ്റർ ചെയ്തിരിക്കുന്ന ട്രസ്റ്റാണ് പൊതുസമൂഹത്തിൽ നിന്ന് പണം തേടിക്കൊണ്ട് അഭ്യർത്ഥന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നിയമനടപടികൾ വലിയ സാമ്പത്തിക ചിലവുള്ളതാണെന്നും അതിനാൽ പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും ട്രസ്റ്റ് അറിയിച്ചു. ഇതിനായി ധനസമാഹരണം നടത്തുന്നതിനായി ഒരു ക്യുആർ കോഡും ട്രസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. 2025 ഡിസംബർ 8-നാണ് വിചാരണക്കോടതി ഈ കേസിൽ വിധി പറഞ്ഞത്. ഒന്നാം പ്രതി പൾസർ സുനി അടക്കം ആറുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു.
.jpg)

