കെഎസ്ആർടിസി ചേർത്തല ഡിപ്പോയിൽ ഡീസൽ മോഷണം; മൂന്ന് ജീവനക്കാർ സസ്പെൻഡിൽ

Diesel theft at KSRTC Cherthala depot; Three employees suspended

ചേർത്തല: കെഎസ്ആർടിസി ചേർത്തല ഡിപ്പോയിൽ സർവീസ് കഴിഞ്ഞെത്തുന്ന ബസുകളിൽനിന്ന് ഡീസൽ മോഷ്ടിച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. രഹസ്യമായി സ്ഥാപിച്ച പെൻക്യാമറ ഓപ്പറേഷനിലാണ് മെക്കാനിക്കൽ വിഭാഗം ജീവനക്കാർ കുടുങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ജീവനക്കാരനെ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. എ.ടി.ഒ ചേർത്തല പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. മെക്കാനിക്കൽ വിഭാഗത്തിലെ കണ്ണൻ (44), ശരത് (38), ജയേഷ് (41) എന്നിവരെയാണ് ഡിപ്പോ അധികൃതർ സസ്പെൻഡ് ചെയ്തത്. ശരത് ശശിയെയാണ് കേസിൽ മാപ്പുസാക്ഷിയാക്കിയിരിക്കുന്നത്. സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.

ഡിപ്പോയിലെ ബസുകളുടെ മൈലേജ് പെട്ടെന്ന് കുറഞ്ഞതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡീസൽ മോഷണത്തിന്റെ വിവരം പുറത്തുവന്നത്. തുടർന്ന് സംശയം തോന്നിയ എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥൻ ഡിപ്പോയിൽ രഹസ്യമായി പെൻക്യാമറകൾ സ്ഥാപിക്കുകയായിരുന്നു. സർവീസ് കഴിഞ്ഞെത്തുന്ന ബസുകളിൽനിന്ന് ജീവനക്കാർ ഡീസൽ ഊറ്റിയെടുക്കുന്ന ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞതോടെയാണ് വൻ തിരിമറി പുറത്തറിയുന്നത്. പ്രതിദിനം 10 മുതൽ 25 ലിറ്റർ വരെ ഡീസൽ ഇവർ മോഷ്ടിച്ചിരുന്നതായാണ് സൂചന.

ഊറ്റിയെടുത്ത ഡീസൽ എങ്ങോട്ടാണ് മാറ്റിയിരുന്നത്, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ, എത്രനാളായി മോഷണം തുടരുന്നു തുടങ്ങിയ കാര്യങ്ങളിൽ പൊലീസിന്റെ വിശദമായ അന്വേഷണത്തിലൂടെ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വകുപ്പുതല അന്വേഷണത്തിന്റെ ആദ്യഘട്ട നടപടിയായാണ് നിലവിൽ മൂന്ന് പേരെ സസ്പെൻഡ് ചെയ്തിട്ടുള്ളത്.

Tags