പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവം; കൊലക്കുറ്റത്തിന് കേസെടുത്തു

പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. കാട്ടാക്കട പൂവച്ചലിൽ ആയിരുന്നു സംഭവം. വാഹനമോടിച്ച പ്രിയരഞ്ജനെ പ്രതിയാക്കിയാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം 302ആം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
മാതാപിതാപിതാക്കളുടെ മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ നരഹത്യക്കാണ് കേസ് എടുത്തിരുന്നത്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാണെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ 31നാണ് ആദിശേഖർ വാഹനമിടിച്ച് മരിച്ചത്. സിസിടിവി ദൃശ്യം പുറത്തു വന്നതോടെ പൊലീസ് നരഹത്യക്ക് കേസെടുക്കുകയായിരുന്നു.
പ്രിയരഞ്ജൻ, കേരളം കടന്ന് പോയിട്ടുണ്ടാകില്ലെന്നാണ് പൊലീസ് നിഗമനം. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ക്ഷേത്ര മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തത് തന്നെയാണ് പ്രകോപന കാരണം എന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.