സിനിമയിലെ ഐസിസി അംഗം സംവിധായകന്‍ രഞ്ജിത്തിനായി ഹാജരായത് അറിഞ്ഞില്ല: കുക്കു പരമേശ്വരന്‍

kukku

യുവനടിക്ക് നേരെയുണ്ടായ ആക്രണത്തില്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിച്ച് മുന്നോട്ടുപോകാനാണ് താത്പര്യം.

ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന് വേണ്ടി ഹാജരായത് സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി അംഗമാണെന്ന് അറിഞ്ഞില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍. മകന്‍ ആശുപത്രിയിലായതിനാല്‍ ഇക്കാര്യം അറിഞ്ഞില്ലെന്നും കുക്കു പരമേശ്വരന്‍ പറഞ്ഞു. യുവനടിക്ക് നേരെയുണ്ടായ ആക്രണത്തില്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിച്ച് മുന്നോട്ടുപോകാനാണ് താത്പര്യം. വിഷയം ഗൗരവത്തില്‍ തന്നെ പരിഗണിക്കുന്നു. ആര്‍ക്കായാലും അമ്മയുടെ പിന്തുണയുണ്ട്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായ സുരക്ഷിതത്വം വേണമെന്നാണ് അമ്മ വിശ്വസിക്കുന്നതെന്നും കുക്കു പരമേശ്വരന്‍ പറഞ്ഞു.

ഐഐസിസി എക്‌സ്റ്റേണല്‍ അംഗമായ അഡ്വ. മുഹമ്മദ് സിയാദാണ് രഞ്ജിത്തിനായി കോടതിയില്‍ ഹാജരായത്. ഐസിസിയില്‍ നിന്നും കഴിഞ്ഞദിവസം രാജിവെച്ചെന്നാണ് സിയാദിന്റെ വിശദീകരണം. കുടുംബ സുഹൃത്ത് ആയതിനാലാണ് രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതെന്നും ഐസിസിക്ക് നടി പരാതി നല്‍കിയിട്ടില്ലെന്നുമാണ് പ്രതികരണം.

ചൊവ്വാഴ്ച രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് ലൈംഗികാതിക്രമ പരാതിയില്‍ എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറുകയായിരുന്നു.

Tags