ഡയമണ്ട് തട്ടിപ്പ്: പ്രതി വിദേശത്തേക്ക് കടന്നതായി പോലീസ്

പാലക്കാട്: വടക്കഞ്ചേരിയില്‍ അക്യുമെന്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ് എന്ന സ്ഥാപനത്തില്‍ ഡയമണ്ട് ബിസിനസ് നടത്തി ലാഭവിഹിതം തരാമെന്ന് പറഞ്ഞ് പറ്റിച്ച കേസിലെ ഒന്നാം പ്രതി വിദേശത്തേക്ക് കടന്നതായി വടക്കഞ്ചേരി പോലീസ് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
വിദേശയാത്രാ വിവരങ്ങള്‍ ബ്യൂറോ ഓഫ് എമിഗ്രേഷനില്‍നിന്നും ശേഖരിക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചതായും പോലീസ് അറിയിച്ചു. ലക്ഷങ്ങള്‍ പറ്റിച്ചയാളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍പഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
പരാതിക്കാരില്‍നിന്നും യഥാക്രമം 29,20,000 രൂപയും ഒരു കോടി രൂപയും നിക്ഷേപമായി സ്വീകരിച്ചെന്നാണ് പരാതി. കേസിലെ രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. പരാതിക്കാര്‍ കൊടുത്ത പണത്തിന് പ്രതി പ്രോമിസറി നോട്ട് ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. പരാതിക്കാര്‍ക്ക് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി ഒളിവിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം കോടതിയില്‍ ഹാജരാക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. ആലത്തൂര്‍ കിഴക്കഞ്ചേരി സ്വദേശി അരവിന്ദാക്ഷനും ഇളവംപാടം സ്വദേശി രാകേഷും സമര്‍പ്പിച്ച പരാതികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഉത്തരവ്.