ധനരാജ് വധം അതിക്രൂരമായ കൊലപാതകം, പക്ഷേ രാഷ്ട്രീയ കൊലപാതകമെന്ന് തെളിയിക്കാനായില്ല; പൊലീസിനും പ്രോസിക്യൂഷനും രൂക്ഷവിമർശനവുമായി തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി

Dhanraj murder was a brutal murder, but it could not be proven to be a political murder; Taliparamba Additional Sessions Court sharply criticizes police and prosecution

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജിന്റേത് അതിക്രൂരമായ കൊലപാതകമാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി. ഭാര്യയുടെയും അമ്മയുടെയും പത്ത് വയസ്സുള്ള കുട്ടിയുടെയും കൺമുന്നിൽ വെച്ചാണ് കൊലപാതകം നടന്നതെന്നും, ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സ്വന്തം വീട്ടിൽ വെച്ച് 37 വെട്ടുകൾ വെട്ടി കൊലപ്പെടുത്തിയത് അങ്ങേയറ്റം ക്രൂരമാണെന്നും കോടതി നിരീക്ഷിച്ചു. മൂന്ന് വയസ്സുള്ള കുഞ്ഞ് ഉറങ്ങുന്ന മുറിയുടെ ചുമരിൽ പോലും രക്തം തെറിച്ചെന്നും, ഇറച്ചിവെട്ടുന്ന കടയിൽ പോലും വെട്ടാത്ത വിധത്തിലാണ് വെട്ടിയതെന്നും ജഡ്ജി കെ.എൻ. പ്രശാന്ത് ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ കേസ് എന്നൊന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കേണ്ടതില്ലെന്ന് പ്രതിഭാഗം അഭിഭാഷകനോട് പറഞ്ഞു. വിചാരണയ്ക്കിടെ ജഡ്ജിയും പ്രതിഭാഗം അഭിഭാഷകനും തമ്മിൽ വാക്കുതർക്കവും നടന്നു. മൂന്നാം പ്രതിക്കെതിരെ നിരവധി കേസുകളുണ്ടെന്നും കോടതി എടുത്തുപറഞ്ഞു.

അതേസമയം, അതിക്രൂരമായ കൊലപാതകമാണെന്ന് വിലയിരുത്തുമ്പോഴും ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നാണ് വിചാരണക്കോടതിയുടെ സുപ്രധാന നിരീക്ഷണം. രാഷ്ട്രീയ കൊലപാതകത്തിന് മതിയായ തെളിവുകളില്ലെന്നും പ്രാഥമിക മൊഴിയനുസരിച്ച് കുറ്റകൃത്യം തെളിയുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, 4 മുതൽ 20 വരെയുള്ള 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെവിട്ടു.

സാക്ഷിമൊഴികളിലെ വൈരുദ്ധ്യങ്ങളും അന്വേഷണത്തിലെ വീഴ്ചകളും കോടതി വിധിന്യായത്തിൽ രൂക്ഷമായി വിമർശിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സഹകരണ ജീവനക്കാരനുമായ ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രാഥമിക സാക്ഷികൾക്ക് കോടതിയിൽ വ്യക്തതയോടെ മൊഴി നൽകാനോ പൊലീസിന് നൽകിയ മൊഴി ആവർത്തിക്കാനോ സാധിച്ചില്ല. കൂടാതെ, ധനരാജിന്റെ മരണമൊഴി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും, അധികാരമില്ലാത്ത മജിസ്ട്രേറ്റ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കും ഭാര്യക്കും നടന്ന കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ സാധിക്കണമെന്നില്ലെന്നും കോടതി വിലയിരുത്തി. മാധ്യമ വാർത്തകളിൽ വന്ന ചിത്രങ്ങൾ കണ്ടാണ് സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞതെന്ന വാദം തള്ളിയ കോടതി, പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ രേഖകൾ ഹാജരാക്കാൻ പൊലീസിന് കഴിയാതിരുന്ന ഗുരുതര വീഴ്ചയും എടുത്തുപറഞ്ഞു

Tags