ഭരണഘടനയോട് അചഞ്ചലമായ വിശ്വസ്ത പുലർത്തണം: ഡിജിപി റവാഡ ആസാദ് ചന്ദ്രശേഖർ
മലപ്പുറം : ശാരീരിക ക്ഷമതയും യുദ്ധവൈദഗ്ധ്യവും മാത്രമല്ല ഭരണഘടനയോടുള്ള അചഞ്ചലമായ വിശ്വസ്തതയും ധാർമിക ധൈര്യവും പ്രതിസന്ധി ഘട്ടങ്ങളിലെ ആത്മസംയമനവുമാണ് യഥാർഥ കമാൻഡോയുടെ മുഖമുദ്രയെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ഇന്ത്യ റിസർവ് ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ 10 മത് ബാച്ച് കമാൻഡോ വിംഗിലെ 152 റിക്രൂട്ട് സേനാംഗങ്ങളുടെ പാസ്സിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം അതീവ ഗുരുതരമായ സാഹചര്യങ്ങളെ നേരിടുമ്പോൾ സാധാരണ സംവിധാനങ്ങൾക്കപ്പുറം ജനങ്ങൾ കേരള പോലീസിലെ കമാൻഡോകളെയാണ് പ്രതീക്ഷയോടെ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണ ഭീഷണികളെ നേരിടുന്നതിനും സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ആദ്യ പ്രതികരണ സേനയായി പ്രവർത്തിക്കുന്നതിനും കമാൻഡോകൾ സജ്ജരായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
'നിങ്ങളാണ് നമ്മുടെ സമാധാനത്തെയും ജനാധിപത്യ സംവിധാനത്തെയും സംരക്ഷിക്കുന്ന കവചം. കേരള പോലീസിന്റെ അഭിമാനവും അച്ചടക്കവും എന്നും ഉയർത്തിപ്പിടിക്കണം. കൃത്യതയോടെയും ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം. നിരപരാധികൾക്ക് നിങ്ങളുടെ സാന്നിധ്യം ആശ്വാസവും സമൂഹത്തിന് ഭീഷണിയാകുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഠിനമായ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ എല്ലാ റിക്രൂട്ടുകൾക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. കമാൻഡോകൾ പരേഡ് ഗ്രൗണ്ടിലെത്തി കാഴ്ചവെച്ച നിശ്ചയദാർഢ്യവും അച്ചടക്കവും ത്യാഗവും സഹിഷ്ണുതയും അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കമാൻഡിങ് ഓഫീസർമാർ, പരിശീലകർ, പരിശീലന സ്ഥാപനത്തിലെ മുഴുവൻ അംഗങ്ങൾ എന്നിവരുടെയും സമർപ്പണവും പ്രൊഫഷണലിസവും യുവ കമാൻഡോകളെ സമൂഹ സേവനത്തിന് പ്രാപ്തരായ പോലീസ് ഉദ്യോഗസ്ഥരാക്കി വളർത്തിയെടുത്തതിൽ നിർണായക പങ്കുവഹിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള പോലീസ് യൂണിഫോം അധികാരത്തിന്റെ പ്രതീകം മാത്രമല്ല, ഉത്തരവാദിത്തത്തിന്റെയും സത്യസന്ധതയുടെയും അച്ചടക്കത്തിന്റെയും സേവന മനോഭാവത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന സംരക്ഷിക്കുകയെന്നതാണ് പോലീസിന്റെ പ്രഥമ ഉത്തരവാദിത്തമെന്നും ജനങ്ങൾ പോലീസിന്റെ വാക്കുകളേക്കാൾ പ്രവർത്തനങ്ങളെയാണ് കൂടുതൽ ഓർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജനങ്ങളുമായുള്ള ഓരോ ഇടപെടലും ഓരോ അന്വേഷണവും ഗതാഗത നിയന്ത്രണ ചുമതലയും, രക്ഷാപ്രവർത്തനവും പൊതുസേവനത്തിന്റെ ഓരോ നിമിഷവും കേരള പോലീസിന്റെ വിശ്വാസ്യത ഉയർത്തുന്നതിൽ നിർണായകമാണെന്നും ഉദ്യോഗസ്ഥരുടെ പെരുമാറ്റവും പ്രൊഫഷണലിസവും കരുണയും തന്നെയാണ് ജനങ്ങൾ ഈ സ്ഥാപനത്തിൽ അർപ്പിക്കുന്ന വിശ്വാസം നിർണയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേരി എം.എൽ.എ അഡ്വ. എം റഹ്മത്തുള്ള, മാനന്തവാടി എം.എൽ.എ ഉഷ വിജയൻ, കമാൻഡന്റെ ആംഡ് പോലീസ് ബറ്റാലിയൻ കെ.ഇ ബൈജു ഐപിഎസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റ് പി. വാഹിദ് ഐ.പി.എസ്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആംഡ് പോലീസ് ബറ്റാലിയൻ ബൽറാം കുമാർ ഉപാധ്യായ ഐപിഎസ്, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ തുടങ്ങിയവർ പങ്കെടുത്തു
.jpg)

