പോലീസിൽ നിന്ന് ഭക്തർ പ്രതീക്ഷിക്കുന്നത് നല്ല പെരുമാറ്റം മാത്രം: സ്‌പെഷ്യൽ ഓഫീസർ പി.ബാലകൃഷ്ണൻ നായർ

Devotees expect only good behavior from the police: Special Officer P. Balakrishnan Nair
Devotees expect only good behavior from the police: Special Officer P. Balakrishnan Nair

ശബരിമല : ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർ പോലീസിൽ നിന്ന് പ്രതീക്ഷിക്കുന്നത് നല്ല പെരുമാറ്റം മാത്രമാണെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ പി.ബാലകൃഷ്ണൻ നായർ. സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നാലാമത്തെ ബാച്ചിനെ അഭിസംബോധന ചെയ്ത് ശാസ്താ ഓഡിറ്റോറിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

tRootC1469263">

സാധാരണ പോലീസ് ഡ്യൂട്ടിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ശബരിമലയിലേത്. ശബരിമല ധർമ്മശാസ്താവിനെ കാണാൻ ഇവിടെയെത്തുന്ന അയ്യപ്പഭക്തരെ സഹായിക്കലാണ് പോലീസിന്റെ ഡ്യൂട്ടി. ക്രിമിനലുകളോട് ഇടപെടുമ്പോഴുള്ള പെരുമാറ്റം മാറ്റിവെച്ചായിരിക്കണം ഭക്തരോടുള്ള പെരുമാറ്റം. അയ്യപ്പനെ മാത്രം വിചാരിച്ച് ഇവിടെയെത്തുന്ന ഭക്തരോട് ഏറ്റവും സൗമ്യമായി മാത്രമേ പെരുമാറാവൂ. തത്വമസി എന്ന ആപ്തവാക്യം മനസിലാക്കിയുള്ള പെരുമാറ്റമാണ് അയ്യപ്പനും പോലീസ് വകുപ്പും പ്രതീക്ഷിക്കുന്നത്. 

കേരള പോലീസിന്റെ ഏറ്റവും വലിയ ഇമേജ് ബിൽഡിംഗ് ഡ്യൂട്ടി കൂടിയാണിത്. കർണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരാണ് ഏറെയും. ഈ സംസ്ഥാനങ്ങളിലെ പോലീസും കേരള പോലീസും തമ്മിലുള്ള വ്യത്യാസം എന്താണെന്നും കേരള പോലീസ് എന്തുകൊണ്ട് നമ്പർ വൺ ആകുന്നു എന്നും കാണിച്ചുകൊടുക്കാനുള്ള അവസരമാണിത്. ഇവിടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നല്ല പെരുമാറ്റത്തിലൂടെയും സമീപനത്തിലൂടെയും ആണ് ഇതു സാധ്യമാകുക.

ദുഷ്‌ക്കരമായ സാഹചര്യത്തിലും നന്നായി പെരുമാറാൻ കഴിയുമ്പോഴാണ് കേരള പോലീസിന്റെ മഹത്വം വർധിക്കുക. നാലും അഞ്ചും മണിക്കൂർ കഠിനമായ മലയാത്ര കഴിഞ്ഞ് മണിക്കൂറുകൾ ക്യൂ നിന്ന് ആണ് അയ്യപ്പന്മാർ ദർശനത്തിനെത്തുന്നത്. ഈ പ്രയാസം മനസിലാക്കി വേണം അവരോട് പെരുമാറാൻ. ഇത് ഓരോ പോലീസ് ഉദ്യോഗസ്ഥരുടെയും മനസിലുണ്ടാകണം. 

ഇവിടെ ഡ്യൂട്ടി ചെയ്യാൻ കഴിയുന്നതു തന്നെ മഹാഭാഗ്യമാണ്. മാനവസേവയാണ് ഏറ്റവും വലിയ മാധവസേവ. അയ്യപ്പഭക്തർക്ക് ദർശനത്തിന് എല്ലാ സൗകര്യവും ഒരുക്കി നൽകുകയാണ് വേണ്ടത്. ഡ്യൂട്ടിയിലുള്ള സമയത്ത് അല്ലാത്തപ്പോഴും സോപാനത്തിന് സമീപം തിരുനടയിൽ നിന്ന് തൊഴാനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

കൊടിമരം, സോപാനം, മാളികപ്പുറം, പതിനെട്ടാംപടിക്ക് താഴെ, നടപ്പന്തൽ, യു ടേൺ, ശരംകുത്തി, ക്യൂ കോംപ്ലക്സ്, മരക്കൂട്ടം, പാണ്ടിത്താവളം എന്നിങ്ങനെ 10 സെക്ടറുകളായി തിരിച്ചാണ് സന്നിധാനത്ത് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത്. ഡിവൈഎസ്പിമാർക്കാണ് ഓരോ സെക്ടറിന്റെയും ചുമതല. 1593 പോലീസ് ഉദ്യോഗസ്ഥരാണ് നാലാമത്തെ ബാച്ചിലുള്ളത്. ഡിസംബർ 28 വരെയാണ് ഈ ബാച്ചിന്റെ സേവനകാലാവധി. 

ആറുഘട്ടങ്ങളായാണ് സന്നിധാനത്ത് പോലീസിനെ വിന്യസിക്കുന്നത്. ഡിസംബർ 19 മുതൽ 28 വരെയുള്ള കാലയളവിൽ നാലാംഘട്ടവും 29 മുതൽ ജനുവരി 9 വരെ അഞ്ചാംഘട്ടവും ജനുവരി 9 മുതൽ 20 വരെ ആറാംഘട്ടവുമായാണ് പോലീസിനെ വിന്യസിക്കുന്നത്.അഡീഷണൽ എസ് പി എ.പി. ചന്ദ്രൻ, ഡിവൈഎസ്പിമാർ, പോലീസ് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

Tags