ശബരിമലയിൽ തമിഴ്നാട് സർക്കാരിന്റെ സൗജന്യ റേഷൻ മുണ്ട് ഇരുമുടിക്കെട്ടിൽ വിൽക്കുന്നതായി ആക്ഷേപം; വൻ അഴിമതി ആരോപിച്ചു ഭക്തർ

Devotees allege huge corruption in selling free ration from Tamil Nadu government at Sabarimala

പമ്പ: ശബരിമലയിൽ തമിഴ്നാട് സർക്കാരിന്റെ സൗജന്യ റേഷൻ മുണ്ടുകൾ ഇരുമുടിക്കെട്ടിൽ വിൽക്കുന്നതായി പരാതി. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള പമ്പയിലെ കെട്ടുനിറ കേന്ദ്രങ്ങളിൽ നിന്നാണ് തമിഴ്നാട് സർക്കാർ പൊങ്കൽ സമ്മാനമായി റേഷൻ കടകൾ വഴി സൗജന്യമായി വിതരണം ചെയ്ത മുണ്ടുകൾ ഇരുമുടിക്കെട്ടിലൂടെ തീർഥാടകർക്ക് ലഭിച്ചത്. തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പ ഭക്തരാണ് ഈ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

ദേവസ്വം ബോർഡിന്റെ അനുമതിയോടെ നിലവിൽ കരാറുകാരാണ് പമ്പയിലെ കെട്ടുനിറ കേന്ദ്രങ്ങൾ നടത്തിവരുന്നത്. ഒരു ഇരുമുടിക്കെട്ടിന് 300 രൂപ വീതമാണ് ഇവർ ഭക്തരിൽനിന്ന് ഈടാക്കുന്നത്. എന്നാൽ സൗജന്യമായി നൽകേണ്ട സർക്കാർ വസ്ത്രങ്ങൾ പണം വാങ്ങി ഇരുമുടിയിൽ വെച്ചുനൽകുന്നത് വലിയ അഴിമതിയാണെന്നാണ് തീർഥാടകരുടെ ആരോപണം.

തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക സീലും 2025 എന്ന വർഷവും ഈ മുണ്ടുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സൗജന്യമായി വിതരണം ചെയ്യേണ്ട സാധനങ്ങൾ ഇത്തരത്തിൽ കച്ചവടം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് അയ്യപ്പ ഭക്തർ വ്യക്തമാക്കി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഭക്തരുടെ ആവശ്യം. വിഷയം ശബരിമലയുമായി ബന്ധപ്പെട്ട് വലിയ ചർച്ചയായിട്ടുണ്ട്.

Tags