ശബരിമല തീർത്ഥാടകർക്ക് സുരക്ഷയുമായി ദേവസ്വം ബോർഡ് ; എൽ.ഐ.സിയുടെ സഹകരണത്തോടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചതായി കെ. ജയകുമാർ

Sabarimala: Number of pilgrims approaching one million

 ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി ഭക്തർക്ക് വലിയ ആശ്വാസകരമായ പ്രഖ്യാപനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. എൽ.ഐ.സിയുടെ സഹകരണത്തോടെ തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. വെർച്വൽ ക്യൂവിലൂടെയും സ്പോട്ട് ബുക്കിംഗിലൂടെയും ദർശനത്തിനെത്തുന്ന ഭക്തർക്ക് ഈ ആനുകൂല്യം ലഭിക്കും. തീർത്ഥാടകർ ശബരിമലയിലെത്തുന്നതിന്റെ തലേദിവസം മുതൽ മൂന്ന് ദിവസത്തേക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകുക. യാത്രക്കിടെ അപകശവശത്താലോ മറ്റോ തീർത്ഥാടകർ മരണപ്പെടുകയാണെങ്കിൽ രണ്ട് ലക്ഷം രൂപ ധനസഹായം ലഭിക്കുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

ഈ മാസം 17-ന് നട തുറക്കുന്നതിന് മുന്നോടിയായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. മലകയറുമ്പോൾ ഭക്തർക്ക് വിശ്രമിക്കാനായി 200 സ്റ്റെയിൻലെസ് സ്റ്റീൽ കസേരകളും, നിലയ്ക്കലിൽ രണ്ടായിരത്തോളം പേർക്ക് ഒരേസമയം വിശ്രമിക്കാൻ രണ്ട് വലിയ പന്തലുകളും സജ്ജീകരിച്ചിട്ടുണ്ട്. വഴിപാടുകൾക്ക് ഡിജിറ്റൽ പേയ്മെന്റിന് പ്രാമുഖ്യം നൽകിയിട്ടുണ്ടെന്നും ഡോളി സർവീസുകൾ പൂർണ്ണമായും പ്രീ-പെയ്ഡ് ആക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. നട തുറക്കുമ്പോൾ 50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമുണ്ടാകും. ശുചിമുറികൾ കൃത്യമായി വൃത്തിയാക്കാൻ 200-ലധികം തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ഭക്തരുടെ സൗകര്യാർത്ഥം പോസ്റ്റൽ വകുപ്പുമായി ചേർന്ന് അരവണയും അപ്പവും വീടുകളിൽ എത്തിക്കാനുള്ള സംവിധാനവും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags