മില്‍മയ്ക്ക് കരാര്‍ നല്‍കിയതിലൂടെ ദേവസ്വം ബോര്‍ഡിന് നഷ്ടമായത് രണ്ടേകാല്‍ കോടിയിലധികം രൂപ
മില്‍മയേക്കാള്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത മൂന്നു കമ്പനികളെ ഒഴിവാക്കി.
ശബരിമല നെയ്യ് ക്രമക്കേടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മില്‍മയ്ക്ക് കരാര്‍ നല്‍കിയതിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് രണ്ട് കോടിയിലധികം രൂപയുടെ അന്യായ സാമ്പത്തിക നഷ്ടമെന്ന് വിജിലന്‍സ് കണ്ടെത്തല്‍.
മില്‍മയേക്കാള്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത മൂന്നു കമ്പനികളെ ഒഴിവാക്കി. ഭക്തര്‍ നല്‍കിയ നെയ്യ് കൂടി ഉപയോഗിച്ച് അരവണ നിര്‍മ്മാണം നടത്തിയെന്നും ഭക്ഷ്യഗുണനിലവാര പരിശോധന ഒഴിവാക്കിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
ടെന്‍ഡര്‍ നടപടിയില്‍ പങ്കെടുത്തിട്ടില്ലാത്ത മില്‍മയ്ക്ക് കരാര്‍ ലഭ്യമാക്കണമെന്ന ഉദ്ദേശ്യത്തോടെ, മൂന്നാം പ്രതി മുരാരിബാബു ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലാതെ ഒരു ബാച്ച് അരവണ തയ്യാറാക്കുന്നതിനായി പതിവായി ഉപയോഗിച്ചുവരുന്ന 10 ലിറ്റര്‍ നെയ്യിന് പകരം 7 ലിറ്റര്‍ മില്‍മ നെയ്യ് മാത്രം മതിയാകുമെന്ന റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ചതായും ആരോപണമുണ്ട്.
തമിഴ്‌നാട്ടിലെ കുങ്കുമരാജ് ഡയറിക്ക് ലിറ്ററിന് 369 രൂപ, കൊച്ചിയിലെ സ്വാമി അയ്യപ്പ എന്റര്‍പ്രൈസസിന് ലിറ്ററിന് 375 രൂപ എന്നിങ്ങനെ നെയ്യിനായി ടെണ്ടര്‍ നല്‍കി. പ്രതികള്‍ ലിറ്ററിന് 510 രൂപ നിരക്കില്‍ മില്‍മ നെയ്യ് വാങ്ങുന്നതിന് അനുമതി നല്‍കിയതായും ആരോപണമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ 1,61,535 ലിറ്റര്‍ നെയ്യ് വാങ്ങുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.
മില്‍മയ്ക്ക് നല്‍കിയ കരാറിന്റെ മറവില്‍ ഗുണനിലവാരമില്ലാത്ത നെയ്യ് ശബരിമലയില്‍ എത്തിച്ച് ക്രമക്കേട് നടത്തി എന്നാണ് കണ്ടെത്തല്‍. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗമായിരുന്ന അജികുമാര്‍, മുന്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെ പ്രതി ചേര്‍ത്താണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
.jpg)

